ഉരുള്‍പൊട്ടല്‍: നഷ്ടപരിഹാരം സംബന്ധിച്ച പ്രമേയം അംഗീകരിച്ചില്ല: ജില്ലാ പഞ്ചായത്ത് യോഗത്തില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
കോഴിക്കോട്: കരിഞ്ചോലമല ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്കു നല്‍കിയ നഷ്ടപരിഹാരത്തെ ചൊല്ലി ജില്ലാ പഞ്ചായത്ത് യോഗത്തിലും ബഹളം. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുന്ന നജീബ് കാന്തപുരം അവതരിപ്പിച്ച പ്രമേയം അവഗണിച്ചതാണ് ബഹളത്തിനിടയാക്കിയത്. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യം 10 ലക്ഷം പ്രഖ്യാപിച്ച സര്‍ക്കാര്‍ മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം ഇരട്ടിയാക്കി.
കട്ടിപ്പാറ ദുരത്തില്‍ 14 പേരാണ് മരിച്ചത്. 30 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. നാലു ദിവസത്തിനു ശേഷം റവന്യു മന്ത്രിയെത്തിയെങ്കിലും മുഖ്യമന്ത്രി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമാണ് അനുവദിച്ചത്.
ഇതു തിരുത്തണമെന്ന പ്രമേയം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഔദ്യോഗികമാക്കി അംഗീകരിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതോടെ മുഖം രക്ഷിക്കാന്‍, ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭ്യമാക്കാനും തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജില്ലാ പഞ്ചായത്തംഗം കെ. ബാലന്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുക, നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
തുടര്‍ന്നു വിഷയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കലിന്റെ നേതൃത്വത്തില്‍ വി.ഡി ജോസഫ്, നജീബ് കാന്തപുരം, സി.കെ ഖാസിം, എം.എ ഗഫൂര്‍, ഷറഫുന്നിസ ടീച്ചര്‍, അന്നമ്മ എന്നിവര്‍ ഇറങ്ങിപ്പോയി. നിപാ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവര്‍ത്തകരേയും അനുമോദിച്ച പ്രമേയം പ്രസിഡന്റ് തന്നെ അവതരിപ്പിച്ചു.
ജില്ലയിലെ 2018 -19 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ജൂലൈ മാസത്തില്‍ തുടങ്ങാനും ടെന്‍ഡര്‍ നടപടികള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ റെയിന്‍ ട്രീ ഫൗണ്ടേഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."