ബഡ്സ് സ്കൂള്‍ കെട്ടിടം നോക്കുകുത്തി
ബോവിക്കാനം: കോടികള്‍ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ബഡ്സ് സ്കൂള്‍ കെട്ടിടങ്ങള്‍ നോക്കുകുത്തിയായി മാറി. ഇതേ തുടര്‍ന്ന് മുളിയാര്‍, കാറഡുക്ക എന്നിവിടങ്ങളിലെ ബഡ്സ് സ്കൂള്‍ കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതലുള്ള മുളിയാര്‍ പഞ്ചായത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പഞ്ചായത്തിന്റെ പഴയ കമ്യൂണിറ്റി ഹാളിലാണ് ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം നടന്നുവരുന്നത്. ഇത് പഞ്ചായത്ത് ഉപേക്ഷിച്ച പഴയ കെട്ടിടമാണ്.
ഒരു മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിടത്തിന് പുറത്തേക്കു പോകാത്ത അവസ്ഥയാണ് ഈ കെട്ടിടത്തില്‍ ഉള്ളത്. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും തീരെ സുരക്ഷിതമല്ലാത്ത മറ്റൊരു കെട്ടിടത്തിലാണ്. ശരിയായ വാതിലോ ജനാലയോ ഇല്ലാത്ത കെട്ടിടത്തിന്റെ പിറകുവശം കാട് മൂടിയ നിലയിലാണ്. മഴ വന്നാല്‍ ഈ മുറിയിലും വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണുള്ളത്.
കാറഡുക്ക ബഡ്സ് സ്കൂളിന്റെ സ്ഥിയും പരിതാപകരമാണ്. ഇടുങ്ങിയ മുറിയില്‍ പരമാവധി ഇരുപത് പേര്‍ക്ക് ഇരിക്കാനാകുമെങ്കിലും ഇവിടെ അന്‍പതോളം കുട്ടികളാണ് ഉള്ളത്. കെട്ടിടത്തില്‍ ശുചിമുറിയില്ലാത്തതിനാല്‍ കുട്ടികള്‍ തൊട്ടടുത്ത കെട്ടിടത്തിലേക്ക് പോകേണ്ട അവസ്ഥയാണ്.
അതേസമയം എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ 1.45 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടും സാങ്കേതിക കാരണങ്ങളാല്‍ വൈദ്യുതീകരണം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയില്ല. വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി രണ്ടു കെട്ടിടങ്ങളും ഉദ്ഘാടനം നടത്താതെ അനാഥമായി കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."