റോഡ് നിര്‍മാണത്തിന് കുഴിച്ച സ്ഥലത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കോട്ടയം: റോഡ് നിര്‍മാണത്തിന് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നും 18 അടിയോളം താഴ്ചയില്‍ മണ്ണെടുത്ത സ്ഥലത്ത് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
സംരക്ഷണഭിത്തി നിര്‍മിച്ച് നല്കിയ ശേഷം അധികൃതര്‍ മൂന്നുമാസത്തിനകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കറികാട്ടൂര്‍-പുലിക്കല്ല് റോഡ് നിര്‍മിച്ചത്. വാഴപ്പളളി നെടുങ്കുന്നത്ത് വീട്ടില്‍ എന്‍.ജെ ജോസഫിന്റെ താമസസ്ഥലത്ത് നിന്നുമാണ് 18 അടിയോളം താഴ്ചയില്‍ ഇതിനുവേണ്ടി മണ്ണെടുത്തത്.
അപകടസാധ്യതയുള്ള സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് എന്‍.ജെ ജോസഫ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. റോഡ് നിര്‍മാണം 2015 മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണിടിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്വന്തം നിലയില്‍ സംരക്ഷണഭിത്തി നിര്‍മിച്ച് നല്കാന് കരാറുകാരന് സമ്മതിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കരാറുകാരന് മരിച്ചു.
കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് എഞ്ചിനീയര്‍ ഓഫിസില്‍നിന്ന് അനുമതി ലഭിച്ചാല്‍ സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കാമെന്ന് പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."