ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും കഴിഞ്ഞു; ഇനി ഓണ്‍ലൈന്‍ ക്ലാസ് റൂമിലേക്ക്...!
തിരുവനന്തപുരം: കൊവിഡ് കരുതലില്‍ പുനരാരംഭിച്ച പൊതുപരീക്ഷകള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും കൂടി ഇന്നലെ പൂര്‍ത്തിയായതോടെ പരീക്ഷാ കടമ്പകള്‍ കടന്ന് വിദ്യാര്‍ഥികള്‍. പരീക്ഷാ കഴിഞ്ഞാല്‍ അവധിക്കാലമെന്ന പതിവ് രീതിക്ക് വിപരീതമായി ഇനി ഓണ്‍ലൈന്‍ ക്ലാസ് റൂമുകളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. പതിവില്ലാത്ത പരീക്ഷാരീതികള്‍ ഒരുപാട് ആശങ്കകള്‍ സൃഷ്ടിച്ചെങ്കിലും വലിയ പരാതികളില്ലാതെയാണ് ഇവ പൂര്‍ത്തിയായത്.
മൂല്യനിര്‍ണയം പെട്ടെന്ന് പൂര്‍ത്തിയാക്കി വേഗം ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതിനായി പരീക്ഷ പേപ്പറുകളുടെ രണ്ടാം ഘട്ട മൂല്യനിര്‍ണയം നാളെ ആരംഭിക്കും. ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 1,85,198 വിദ്യാര്‍ഥികളില്‍ 1,83,710 പേര്‍ (99.20 ശതമാനം) ഹാജരായി. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 4,427 പേര്‍ എത്തിയില്ല. 3,40,417 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 3,35,990 പേരാണ് (98.70 ശതമാനം) പരീക്ഷയെഴുതിയത്. വി.എച്ച്.എസ്.സി ഒന്നാം വര്‍ഷത്തില്‍ 98.69ശതമാനവും രണ്ടാം വര്‍ഷത്തില്‍ 98.93 ശതമാനവും വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തി.
സ്‌കൂള്‍ ജീവിതത്തിന്റെ അവസാനദിവസത്തിലെ ആഘോഷവും ബഹളവും കുട്ടികള്‍ക്കിടയില്‍ ഇത്തവണയുണ്ടായില്ല. നാളെ മുതല്‍ വീണ്ടും പഠനത്തിരക്കിലേക്ക് കടക്കേണ്ട കാര്യങ്ങളാണ് മിക്കവരും പങ്കുവച്ചത്. പരീക്ഷ കഴിഞ്ഞുള്ള മധ്യവേനലവധി നഷ്ടപ്പെട്ടതിന്റെ നിരാശയും ചിലരുടെ മുഖത്ത് നിഴലിച്ചു. നാളെ ഓണ്‍ലൈന്‍ ക്ലാസെന്ന പുതിയ സ്‌കൂള്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണ് കുട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."