HOME
DETAILS
MAL
എയർ ഇന്ത്യ ഉദ്യോഗസ്ഥർ വഴങ്ങിയില്ല: റിയാദ് വിമാനത്താവളത്തിൽ മൂന്ന് നഴ്‌സുമാരുടെ യാത്ര മുടങ്ങി
backup
May 31 2020 | 23:05 PM
റിയാദ്: എയർ ഇന്ത്യയുടെ ധാർഷ്ട്യം മൂലം വിമാനത്താവളത്തിൽ നിന്ന് മൂന്ന് നഴ്‌സുമാരുടെ യാത്ര മുടങ്ങി. റിയാദ് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്ര പോകാനായി എത്തിയ നഴ്സുമാർക്കാണ് എയർ ഇന്ത്യ വിട്ടു വീഴ്ച ചെയ്യാതെ കടും പിടുത്തം പിടിച്ചതിനെ തുടർന്ന് യാത്ര മുടങ്ങിയത്. എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ദവാദ്മി ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരായ ജിബി എബ്രഹാം, മെർലിൻ, ബിൻസി എന്നിവർക്കാണ് ദുരനുഭവം.
നേരത്തെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനായി ഒരുങ്ങിയ ഇവർക്ക് ഇതിനുള്ള വിസ ലഭ്യമായിരുന്നെങ്കിലും ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് മൂലം യാത്ര ചെയ്യാനായിരുന്നില്ല. ഒടുവിൽ വന്ദേ ഭാരത് മിഷൻ യാത്രക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ഇവർക്ക് അനുമതി ലഭിച്ചു. എന്നാൽ ഇവരുടെ എക്സിറ്റ് കാലാവധി മെയ് 16ന് കഴിഞ്ഞിതിനാൽ യാത്രക്ക് മുമ്പ് 1000 റിയാൽ അടച്ച് എക്സിറ്റ് പുതുക്കാനും നിർദേശം ലഭിച്ചിരുന്നു. ഈ വിവരം ഇവർ അപ്പോൾ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചുവെങ്കിലും അതിന്റെ ആവശ്യമില്ലെന്നും യാത്രക്ക് ഒരു വിധത്തിലുള്ള തടസവും ഉണ്ടാവില്ലെന്നും അവർ പറഞ്ഞു.
ഒടുവിൽ യാത്രക്കായി ഇവർ വിമാനത്താവളത്തിൽ എത്തിയതോടെയാണ് അടുത്ത നടപടികൾ ഇവർക്ക് നേരിടേണ്ടി വന്നത്. എയർ ഇന്ത്യ ബോർഡിങ് പാസ് കൈപറ്റി എമിഗ്രെഷനിൽ എത്തിയപ്പോൾ വിസ പുതുക്കാതെ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു നിർദേശം. ഉടൻ തന്നെ ഇവർ ആശുപത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഓൺലൈൻ വഴി പേയ്‌മെന്റ് ചെയ്തു വിസ പുതുക്കി കിട്ടുകയും ചെയ്തു. എന്നാൽ, വിസ പുതുക്കിയ മൊബൈൽ സന്ദേശവുമായി എയർ ഇന്ത്യ കൗണ്ടറിൽ എത്തിയപ്പോഴേക്കും സമയം കഴിഞ്ഞെന്നും ഇനി യാത്ര ചെയ്യാൻ കഴിയില്ലെന്നും ജീവനക്കാർ പറയുകയായിരുന്നത്രെ. മാത്രമല്ല, ഇനി ഇവിടെ നിൽക്കേണ്ടെന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയും ലഗ്ഗേജ് മടക്കി നൽകുകയും ചെയ്തു. 300 കിലോമീറ്റർ ദൂരം താണ്ടിയെത്തിയതാണെന്നും എന്തെങ്കിലും ചെയ്യണമെന്ന് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
ഒടുവിൽ സാമൂഹ്യ പ്രവർത്തകർ ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥർ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ, യാത്ര മുടങ്ങിയ ഇവർ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. റിയാദിൽ തന്നെ താമസ സൗകര്യം ലഭ്യമാക്കി അടുത്ത വിമാനത്തിലെങ്കിലും യാത്ര സൗകര്യം ഒരുക്കാനുള്ള ശ്രമവുമായി ശിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, മുഹമ്മദ് ദവാദ്മി എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."