അധ്യയന പരീക്ഷണം: ഗുണദോഷങ്ങള്‍ പരിശോധിക്കണം
കൊവിഡിന് മുന്‍പും ശേഷവും എന്ന നിലയിലാണ് വിദ്യാഭ്യാസ മേഖലയെ ഇനി വിലയിരുത്തുക. വേനലവധി കഴിഞ്ഞ ഇന്നലെ സ്‌കൂളുകള്‍ ശബ്ദമുഖരിതമാകേണ്ടതായിരുന്നു. ആഹ്ലാദാരവങ്ങള്‍ ഉയരേണ്ടതായിരുന്നു. ഒന്നാം ക്ലാസിലേക്ക് വരുന്ന നവാഗതരെ സ്വീകരിക്കാനും കുട്ടികളുടെ പരിഭ്രമങ്ങളും ഭയപ്പാടുകളും ഒഴിവാക്കാനും വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച പ്രവേശനോത്സവങ്ങള്‍ ഒരോര്‍മ പോലെയായി. എങ്കിലും വിദ്യാര്‍ഥികള്‍ പുതിയ രീതിയുമായി പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്നുവെന്നുവേണം കരുതാന്‍. ആധുനിക സാങ്കേതിക വിദ്യകള്‍, പ്രത്യേകിച്ച് വിവര സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതില്‍ മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ മികച്ചു നില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം ഓണ്‍ലൈന്‍ അധ്യയനവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ അവരെ സഹായിച്ചിട്ടുണ്ടാകാം.
ഇന്നലെ തുടക്കമായതിനാല്‍ പല സ്‌കൂളുകള്‍ക്കും ഫലപ്രദമായ രീതിയില്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ പ്രഭാഷണത്തോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. കോളജുകളിലും ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ചിരിക്കുകയാണ്. മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ക്ലാസെടുത്തു കൊണ്ടാണ് കോളജുകളിലെ അധ്യയനത്തിനു തുടക്കം കുറിച്ചത്.
പുതിയ പഠന സംസ്‌കാരത്തിനാണ് ഇന്നലെ തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ പഠനാന്തരീക്ഷം രൂപം കൊള്ളുമ്പോള്‍, സ്വാഭാവികമായും ഗുണവും ദോഷവും ഈ പഠന രീതിക്കുണ്ടാകും. അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസ് മാനവരാശിക്ക് നല്‍കുന്ന വലിയ നിര്‍ദേശം. അത് നമ്മുടെ സാമൂഹിക ബന്ധങ്ങളിലും, സൗഹാര്‍ദങ്ങളിലും വിള്ളലുകള്‍ തീര്‍ക്കുന്നുവെന്നത് മനുഷ്യര്‍ നേരിടാന്‍ പോകുന്ന പ്രധാന വിപത്താണ്. അതിപ്പോള്‍ സൗഹൃദാന്തരീക്ഷം പാകപ്പെടുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന വിദ്യാലയങ്ങളിലേക്കും എത്തുകയാണ്. വിദ്യാലയങ്ങളില്‍നിന്ന് കരസ്ഥമാക്കുന്ന ബന്ധങ്ങള്‍ ജീവിതാവസാനം വരെ നിലനിര്‍ത്തുന്ന ഒരു തലമുറയായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ജീവിതത്തില്‍ ഏറ്റവും പകിട്ടേറിയതും സ്‌നേഹ സുരഭിലവുമായ കലാലയ ജീവിതം മറയ്ക്കാന്‍ കഴിയാത്തത് കൊണ്ടാണ് പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ പല കലാലയങ്ങളിലും നടത്തിപ്പോന്നത്.
ജാതിക്കും മതത്തിനും അതീതവും മതേതരത്വത്തിന്റെ കാതലില്‍ പണിതീര്‍ത്തതുമായിരുന്നു കലാലയ സൗഹൃദ ബന്ധങ്ങള്‍. ഇപ്പോഴും നമ്മുടെ രാജ്യത്ത് മത സൗഹാര്‍ദവും മതേതരത്വവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യ കാരണം നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളാണ്. പരസ്പരം കാണാതെ, ഉരിയാടാനാവാതെ, കംപ്യൂട്ടറുകള്‍ക്ക് മുന്‍പിലോ ടി.വിക്ക് മുന്‍പിലോ ഇരുന്നു പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുന്ന ഒരു തലമുറയ്ക്ക് ഊഷ്മളമാകേണ്ട, കൂട്ടുകാര്‍ തമ്മിലുണ്ടാകേണ്ട ദൃഢമായ സ്‌നേഹ ബന്ധങ്ങളായിരിക്കും ഇല്ലാതാവുക.
അതേപോലെ അടിസ്ഥാന വര്‍ഗത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇപ്പോഴത്തെ ഓണ്‍ലൈന്‍ പഠന രീതി പൂര്‍ണമായ തോതില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതും സന്ദേഹമായി നിലനില്‍ക്കുന്നുണ്ട്. സാധാരണക്കാരന്റെ മക്കള്‍ക്ക് ഉന്നത സ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ പൊതുവിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന തിളക്കമാര്‍ന്ന വിജയത്തിലൂടെ മാത്രമേ കഴിയൂ. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍നിന്നുള്ള നിര്‍ധനരായ കുട്ടികളും ആദിവാസി ഊരുകളില്‍നിന്നുള്ള കുട്ടികളും സ്‌കൂളുകളില്‍നിന്ന് കിട്ടുന്ന ഉച്ചഭക്ഷണം കഴിച്ചായിരുന്നു പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. വൈദ്യുതിയും, അടച്ചുറപ്പുള്ള വീടുകളുമില്ലാത്ത എത്രയോ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ പഠനം ഒരു വെല്ലുവിളിയാണ്. ഈ സ്‌കൂള്‍ വര്‍ഷത്തില്‍ പന്ത്രണ്ടായിരം സ്‌കൂളുകളിലെ നാല്‍പ്പത്തിയൊന്നു ലക്ഷം വിദ്യാര്‍ഥികളാണ് ഓണ്‍ലൈന്‍ പഠനത്തിലേക്ക് വരുന്നത്. എന്നാല്‍ ടി.വി, ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്ത, പൊതു വിദ്യാലയങ്ങളിലെ രണ്ടര ലക്ഷം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്തിലുമാണ്. ഒരു വീട്ടില്‍ ഒന്നിലേറെ കുട്ടികള്‍ പല ക്ലാസുകളില്‍ പഠിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊക്കെ ഉപകരണങ്ങള്‍ സംഘടിപ്പിക്കുക എന്നത് രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുമായിരിക്കും.
നമുക്ക് പരിചിതമല്ല ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ എന്നതുകൊണ്ട് അത്തരം പഠന രീതിയെ ആശങ്കയോടെ കാണരുതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറയുന്നത് അംഗീകരിക്കാം. പക്ഷെ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ കിട്ടുന്നില്ലെങ്കില്‍ കടുത്ത വിവേചനമായിരിക്കും. സര്‍ക്കാര്‍ അതിന് ഇടവരുത്തുകയില്ലെന്ന് പ്രതീക്ഷിക്കാം. കുട്ടികള്‍ക്ക് അവരുടെ ക്ലാസ് മുറികളിലെ ഊഷ്മളതയിലേക്ക് തിരിച്ചെത്താനുള്ള അവസരവും പെട്ടെന്ന് ഉണ്ടാകട്ടെയെന്നും നമുക്ക് ആശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."