അധ്യാപകന്‍ തോട്ടില്‍വീണു മരിച്ച നിലയില്‍
നെടുമങ്ങാട്: വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഗണിത ക്ലാസെടുത്ത അധ്യാപകനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വിതുര സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ അധ്യാപകനായ നന്ദിയോട് ഓട്ടുപാലം, അത്തം ഹൗസില്‍ ജി.ബിനുകുമാര്‍ (43) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീടിനു സമീപത്തുള്ള തോട്ടില്‍ വീണ് അപകടം സംഭവിച്ചതായാണ് കരുതുന്നത്.സാധാരണ വീട്ടിലെത്താറുള്ള സമയം കഴിഞ്ഞതോടെ വീട്ടുകാര്‍ ബിനുകുമാറിന്റെ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കി.
സഹപ്രവര്‍ത്തകന്റെ ബൈക്കില്‍ വീടിനു സമീപത്തെത്തിച്ചു എന്നറിഞ്ഞതോടെ നാട്ടുകാര്‍ തോട്ടില്‍ പരിശോധിച്ചു. കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുലര്‍ച്ചെ ഒരുമണിവരെ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല.
രാവിലെ അപകടം നടന്നുവെന്ന് കരുതുന്ന പ്രദേശത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ: കൃഷ്ണപ്രിയ (സ്വകാര്യ സ്‌കൂള്‍ അധ്യാപിക). മകള്‍: ദേവനന്ദ (എട്ടാം ക്ലാസ് വിദ്യാര്‍ഥിനി). ബിനുകുമാറിന്റെ നിര്യാണത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."