കുരുതിക്കളമായി ദേശീയ, സംസ്ഥാന പാതകള്‍
പാലക്കാട്: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ, സംസ്ഥാനപാതകള്‍ കുരുതിക്കളമാകുമ്പോഴും റോഡുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുകയാണ്. വാളയാര്‍- വടക്കഞ്ചേരി, പാലക്കാട്- കോഴിക്കോട് ദേശീയ പാതകളും, പാലക്കാട് -കുളപ്പുള്ളി, മുണ്ടൂര്‍- ചെര്‍പ്പുളശ്ശേരി, പാലക്കാട് -കൊല്ലങ്കോട്, സംസ്ഥാനപാതകളിലുമാണ് വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍, മതിയായ സിഗ്നല്‍ സംവിധാനങ്ങള്‍, കാല്‍നട മേല്‍പാലങ്ങള്‍, നിരീക്ഷണ കാമറകള്‍ എന്നിവയുടെ അഭാവംമൂലം കുരുതിക്കളമാക്കുന്നത്.
കഴിഞ്ഞവര്‍ഷം മാത്രം നിരവധി ജീവനുകളാണ് ദേശീയ സംസ്ഥാന പാതകളില്‍ പൊലിഞ്ഞത്. മുണ്ടൂര്‍, കല്ലേക്കാട് , പുതുശ്ശേരി എന്നിവടങ്ങളില്‍ സ്ഥിരം അപകടമേഖലയാവുകയാണ്. നാലുവരിയാക്കി വികസിപ്പിച്ച പാലക്കാട് വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ കണ്ണാടി -കാഴ്ച്ചപ്പറമ്പ് എന്നിവടങ്ങള്‍ ബ്ലാക്ക് സ്‌പോട്ടുകളാവുകയാണ്. കഴിഞ്ഞമാസം മുണ്ടൂര്‍-കല്ലേക്കാട്-പുതുശ്ശേരി എന്നിവടങ്ങളിലുണ്ടായ അപകടങ്ങളില്‍ പത്തോളം പേരുടെ ജീവനാണ് നഷ്ടമായത്. കല്ലേക്കാടുണ്ടായ അപകടത്തില്‍ കൊടുന്തിരപ്പുള്ളി സ്വദേശിയായ യുവാവും പുതുശ്ശേരിയിലുണ്ടായ അപകടത്തില്‍ സുപ്രഭാതം ജീവനക്കാരനായ ഫാസിലും അപകടത്തില്‍ മരണപ്പെട്ടത് ഒടുവിലത്തെ സംഭവമാണ്.
വാളയാര്‍ വടക്കഞ്ചേരി പാതയില്‍ കഞ്ചിക്കോട് പുതുശ്ശേരി കാഴ്ച്ചപ്പറമ്പ് എന്നിവിടങ്ങള്‍ സ്ഥിരം അപകട മേഖലയാണ്. രണ്ടുവര്‍ഷം മുന്‍പ് വാളയാര്‍ നവക്കര റോഡിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയിലെ പൊലിസ് സ്റ്റേഷനുകള്‍ നടപ്പിലാക്കിയ കട്ടന്‍ചായ പദ്ധതിയും കാറ്റില്‍ പറന്നു. മിക്കയിടങ്ങളിലും കവലകളില്‍ സിഗ്നല്‍ സംവിധാനം ഇല്ലാത്തതും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങളാണിപ്പോള്‍ വില്ലനാവുന്നത്. നാലുവരിയാക്കിയതോടെ എതിരേ വരുന്ന വാഹനങ്ങളിലിടിച്ചുള്ള അപകടങ്ങള്‍ കുറഞ്ഞെങ്കിലും പുറകില്‍ നിന്നുള്ള വാഹനങ്ങള്‍ ഇടിച്ചിട്ടുള്ള അപകടങ്ങളാണിപ്പോള്‍ പലരുടെയും ജീവന്‍ നഷ്ടപ്പെടുത്തുന്നത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അപകട വളവുകളും സ്പീഡ് ബ്രേക്കുകളുടെ അഭാവക്കുറവുമാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്.
ദേശീയപാത നവീകരണത്തിന് ഒച്ചിന്റെ വേഗതയാണ്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിലും നിരവധി ജീവനുകള്‍ ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു. പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയില്‍ മേപ്പറമ്പ് മുതല്‍ പത്തിരിപ്പാല വരെയുള്ള ഭാഗത്തും വാഹനങ്ങളുടെ മരണപ്പാച്ചിലും പ്രധാനമായും അപകടത്തിന് കാരണമാകുന്നുണ്ട്. മിക്കയിടത്തും കാല്‍ നടയാത്രക്കാര്‍ റോഡു മുറിച്ചുകടക്കുന്നതുപോലും പ്രാണഭയത്തോടെയാണ്. പൊലിസിന്റെയും സ്പീഡ് ട്രേസറിന്റെയും വാഹനപരിശോധനകള്‍ പോലും പേരിനു മാത്രമാണ്. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നിരീക്ഷണ കാമറകളും കാടുകയറിയ നിലയിലാണ്. ദേശീപാത സംസ്ഥാന പാത റോഡുകളെന്ന ആശയം കടലാസിലൊതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."