മൃതദേഹം മറവു ചെയ്യാന്‍ സ്ഥലമില്ല; വീട് പൊളിച്ച് മറവുചെയ്തു
പനമരം: മൃതദേഹം മറവു ചെയ്യാന്‍ കോളനിയില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് ആദിവാസി കുടുംബം താമസിച്ച് കൊണ്ടിരുന്ന ഷെഢ് പൊളിച്ച് മൃതദേഹം മറവ് ചെയ്തു. പനമരം ചുണ്ടക്കുന്ന് അമ്പലക്കര പണിയ കോളനിയിലാണ് ഈ ദുരവസ്ഥ ഉണ്ടായത്. കോളനിയിലെ വെളുക്കന്റെ ഭാര്യ കണക്കി(62)യാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. വെളുക്കനും കണക്കിയും മക്കളായ ചന്ദ്രനും കെമ്പിക്കുമൊപ്പം കോളനിയില്‍ ഷെഡ് കെട്ടിയാണ് താമസിക്കുന്നത്.
ആകെ 20 സെന്റ് സ്ഥലത്ത് നാല് കോളനികളിലായി 20ഓളം കുടുംബങ്ങളാണ് വീട് വച്ച് താമസിക്കുന്നത്. പഞ്ചായത്തിന് കീഴില്‍ പൊതുശ്മശാനമില്ലാത്തതാണ് ഈ കുടുംബത്തിനെ കണ്ണീരിലാഴ്ത്തിയത്. മുന്‍പ് മരണപ്പെട്ടവരെ പുഴയരികിലൊക്കെയായി മറവ് ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ മഴയെ തുടര്‍ന്ന് പുഴ കരകവിഞ്ഞതോടെ ഈ സൗകര്യവും ഇവര്‍ക്ക് ഉപകാരപ്പെടുത്താന്‍ സാധിച്ചില്ല. കണക്കി മരിച്ച ഉടനെ മൃതദേഹം മറവ് ചെയ്യാന്‍ മറ്റ് സ്ഥലങ്ങള്‍ തേടിയെങ്കിലും ലഭിച്ചില്ല. ഗത്യന്തരമില്ലാതെയാണ് ചൊവ്വാഴ്ച താമസ ഷെഡിന്റെ അടുക്കള പൊളിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ കണക്കിയുടെ മൃതദേഹം ഇവിടെ മറവ് ചെയ്തു. വെളുക്കന് പഞ്ചായത്തില്‍ നിന്നും വീട് പാസായിട്ടുണ്ട്.
ഷെഡ് പൊളിച്ച് അവിടെ വീട് വെക്കാനാണ് ഉദ്ധേശിച്ചത്. എന്നാല പ്രിയതമയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് ഇനി വീടുയര്‍ത്താന്‍ സാധിക്കില്ല. ഇനി വീട് എവിടെ ഉണ്ടാക്കുമെന്ന് ഒരു നിശ്ചയവുമില്ലെന്നാണ് വെളുക്കന്റെ മക്കള്‍ പറയുന്നത്. തളര്‍വാതം പിടിപ്പെട്ട കണക്കിയെ ആഴ്ചകള്‍ക്ക് മുമ്പ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ യഥാസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് മകന്‍ ചന്ദ്രന്‍ പറയുന്നു. തളര്‍വാതത്തോടൊപ്പം പ്രമേഹ രോഗം മൂര്‍ച്ചിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ട്രൈബല്‍ വകുപ്പ് അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന ആക്ഷേപവും നാട്ടുകാരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."