കുടിവെള്ളത്തിനായി കേണ് കരിത്തല അങ്കണവാടിയിലെ കുരുന്നുകള്‍
കൊച്ചി: വേനല്‍ ചൂടും ഇലക്ഷന്‍ ചൂടും കത്തിനില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ആര് ഒരിറ്റ് കുടിനീര്‍ നല്‍കുമെന്ന് ചോദ്യമാണ് കരിത്തല കോളനിയിലെ 77ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകളും ജിവനക്കാരികളും ചോദിക്കുന്നത്. അങ്കണവാടിയില്‍ കുടിവെള്ളം ലഭിക്കുന്നതിനായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ദാഹജലത്തിനായുള്ള ഇവരുടെ രോദനത്തിനു നേരെ ചെവി പൊത്തുകയാണ് കൊച്ചി നഗരസഭയും ഉദ്യോഗസ്ഥരും.
കൊച്ചി നഗരസഭയിലെ ഗാന്ധിനഗര്‍ ഡിവിഷിലെ കരിത്തല കോളനിയിലാണ് ഈ അങ്കണവാടി സ്ഥിതിചെയ്യുന്നത്. 2010ല്‍ പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഇവിടെ വെള്ളവും വൈദ്യുതിയും ലഭ്യമായിരുന്നില്ല. പിന്നീട് നിരന്തരമായ നടത്തിയ ഇടപെടലുകളിലൂടെ രണ്ട് വര്‍ഷം മുന്‍പ് വൈദ്യുതി ലഭിച്ചെങ്കിലും കുടിവെള്ളം കിട്ടാക്കനിയായി തുടരുന്നു.
ഒന്‍പത് കുട്ടികളാണ് ഈ അങ്കണവാടിയിലുള്ളത്. ഇത് കൂടാതെ സമിപത്തെ അഞ്ച് പെണ്‍കുട്ടികള്‍ക്ക് ഇവിടെനിന്ന് പോഷകാഹാരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് മൂന്ന് നേരമാണ് ഭക്ഷണം നല്‍കുന്നത്. പുറത്തുനിന്നുള്ള അഞ്ച് പേര്‍ക്ക് വൈകിട്ടും നല്‍കുന്നു. സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ അങ്കണവാടിയില്‍ പഠിക്കുന്നത്. ഇതരസംസ്ഥാനക്കാരായ കുട്ടികളുമുണ്ട് ഇതില്‍. ശുചികരണ ജോലിചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗം കുട്ടികളുടെ മാതാപിതാക്കളും. ഇവരുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായാണ് നഗരസഭ 2010ല്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ച് അങ്കണവാടി തുടങ്ങുന്നത്.
മികച്ച സൗകര്യമുള്ള കെട്ടിടമാണെങ്കിലും വെള്ളമില്ലാത്തത് അങ്കണവാടിയുടെ പ്രവര്‍ത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും മറ്റ് പ്രാഥമിക കാര്യങ്ങള്‍ക്കും പുറത്തുനിന്ന് വെള്ളം കോരി കൊണ്ടുവരേണ്ട അവസ്ഥയാണെന്ന് അങ്കണവാടി വര്‍ക്കര്‍ സലോമി ഷൈനിയും സഹായി മേരി ഷീലയും പറഞ്ഞു. അഞ്ച് മുതല്‍ എട്ട് ബക്കറ്റ് വെള്ളംവരെ ദിവസേന കോരി കൊണ്ടുവന്നാല്‍ മാത്രമേ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുകയുള്ളു.
കുടിവെള്ള കണക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭയ്ക്കും ഡിവിഷന്‍ കൗണ്‍സിലര്‍ക്കും അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. മേയര്‍ക്കും കൗണ്‍സിലര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ നഗരസഭയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ടാങ്ക് നിര്‍മ്മിക്കാനുള്ള സ്ഥലം മാര്‍ക്ക് ചെയ്ത് പോയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. കനത്ത ചൂടിനെ തുടര്‍ന്ന് അങ്കണവാടികള്‍ക്ക് എപ്രില്‍ എട്ടുവരെ കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ താല്‍കാലിക ആശ്വാസത്തിലാണ് ജീവനക്കാര്‍. എന്നാല്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ വീണ്ടും വെള്ളം വില്ലനാകുമെന്ന് ഇവര്‍ പറഞ്ഞു. കൂട്ടികളുടെ ദയനീയാവസ്ഥ കണ്ടിട്ടെങ്കിലും അധികാരികളുടെ മനസലിഞ്ഞ് കുടിവെള്ളം എത്തിക്കാനുള്ള പ്രതീക്ഷയിലാണ് ഇവര്‍.
ഉദ്യാഗസ്ഥരുടെ അനാസ്ഥയെന്ന് കൗണ്‍സിലര്‍
കരിത്തല കോളനിയിലെ 77ാം നമ്പര്‍ അങ്കണവാടിയില്‍ കുടിവെള്ള കണക്ഷന്‍ ലഭിക്കാന്‍ താമസിക്കുന്നത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ നാരായണന്‍ പറഞ്ഞു. മുന്നുതവണ ഇതിനായി തുക അനുവദിച്ചെങ്കിലും അവിടെ ടാങ്ക് സ്ഥാപിക്കാന്‍പോലും നഗരസഭയിലെ പൊരുമരാമത്ത് ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും അവര്‍ പറഞ്ഞു.
കരാറെടുക്കാനാളില്ലെന്ന മുടന്തന്‍ ന്യായമാണ് ഇവര്‍ പറയുന്നതെന്നും പൂര്‍ണിമ പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."