നീരവ് മോദിക്ക് ബ്രിട്ടീഷ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു
ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് ക്രമവിരുദ്ധമായി 13,000 കോടി വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് ബ്രിട്ടിഷ് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതു രണ്ടാം തവണയാണ് ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ഇതോടെ ആറാഴ്ചയെങ്കിലും അദ്ദേഹം ജയിലില്‍ കഴിയേണ്ടിവരും. ഇനി ഹൈക്കോടതിയെ സമീപിക്കുമെന്ന് നീരവിന്റെ അഭിഭാഷകന്‍ പറഞ്ഞു.
നീരവ് മോദി കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും മറ്റൊരാള്‍ക്ക് അറസ്റ്റില്‍നിന്നു രക്ഷപ്പെടാനായി 20 ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നും തയാറാകാതിരുന്നതിനാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇന്ത്യക്കുവേണ്ടി ഹാജരായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി.പി.എസ്) അഭിഭാഷകന്‍ പറഞ്ഞു. ജാമ്യം അനുവദിക്കുകയാണെങ്കില്‍ പ്രതി രക്ഷപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സി.ബി.ഐയുടെയും ഇ.ഡിയുടെയും സംയുക്ത സംഘം കോടതിയില്‍ സി.പി.എസിനെ സഹായിക്കാന്‍ ഹാജരായിരുന്നു.
കിങ് ഫിഷര്‍ എയര്‍ലൈന്‍സ് മുന്‍ സാരഥി വിജയ് മല്ല്യയെ കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യക്കു കൈമാറാന്‍ ഉത്തരവിട്ട ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്‌നോട്ടാണ് ഈ കേസിലും വാദം കേള്‍ക്കുന്നത്. വാദം കേള്‍ക്കല്‍ തുടങ്ങുന്നതിനു മുന്‍പായി നിരവ് മോദിക്കെതിരായ കൂടുതല്‍ തെളിവുകളടങ്ങിയ പുതിയ ഒരു ഫയല്‍ കൂടി സി.പി.എസ് വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
മാര്‍ച്ച് 19ന് സെന്‍ട്രല്‍ ലണ്ടനിലെ മെട്രോ ബാങ്കിന്റെ ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ എത്തിയ സമയത്ത് സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്ത ശേഷം ആദ്യ ഹിയറിങ്ങില്‍ ജില്ലാ ജഡ്ജി മാരി മല്ലന്‍ നിരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിരവ് മോദി തട്ടിയെടുത്ത പണം ഇരുപതിനായിരം കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറയുന്നത്.
വായ്പകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കാണിച്ച് 16 ബാങ്കുകള്‍ക്ക് കൂടി ഇ.ഡി നോട്ടിസ് അയച്ചിരുന്നു.
നിരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും ഉടമസ്ഥതയിലുള്ള 114 വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസിലുള്ള നിരവ് ലണ്ടനില്‍ സുഖവാസം നടത്തുന്നത് ടെലഗ്രാഫ് പത്രത്തിന്റെ ലേഖകന്‍ കണ്ടെത്തി വാര്‍ത്തയാക്കിയതോടെയാണ് അയാള്‍ അറസ്റ്റിലായത്.
അതിനിടെ കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ജോയിന്റ് ഡയരക്ടര്‍ സത്യബ്രത് കുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചുമതലയില്‍നിന്നു മാറ്റുകയും മിനിറ്റുകള്‍ക്കകം നടപടി മരവിപ്പിക്കുകയും ചെയ്തു. ഈ സമയം നിരവ് മോദിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു കുമാര്‍. സത്യബ്രത് കുമാറിനെ ചുമതലയില്‍നിന്നു മാറ്റിയ വാര്‍ത്ത പുറത്തുവന്ന ഉടനെ ഇ.ഡി ഡയരക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിലനിര്‍ത്തുന്നതായി അറിയിക്കുകയായിരുന്നു.
ഇതു വിവാദമായതോടെ സത്യബ്രത് കുമാറിനെ മാറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് ഇ.ഡി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."