കണ്ടങ്ങല്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നം; രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് കണ്ടങ്ങല്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശം. നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇടപെട്ടത്. കണ്ടങ്ങല്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. കനത്ത വേനലില്‍ നാടാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച പൈപ്പ് ലൈനില്‍ നോക്കി നെടുവീര്‍പ്പിടുകയാണ് കണ്ടങ്ങല്‍ നിവാസികള്‍. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി നാട്ടുകാരുടെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ നാല് വര്‍ഷം മുന്‍പാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായി കണ്ടങ്ങല്‍ പാടത്ത് കിണര്‍ കുഴിച്ചത്. പ്രദേശത്തെ 20 ഓളം വീടുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ടാപ്പുകളും ഫിറ്റ് ചെയ്തു. ഒരു തവണ പൈപ്പ് ലൈന്‍ വഴി വെള്ളം പമ്പ് ചെയ്യുകയും ചെയ്തു. പക്ഷെ ഇത് ആദ്യത്തേതും അവസാനത്തേതുമായിരുന്നു എന്ന് മാത്രം. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വാര്‍ഡ് മെംബറോട് പറയുമ്പോള്‍ പഞ്ചായത്തില്‍ ചെന്ന് പറയാനാണത്രേ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും കുടിവെള്ള പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയവരെ പിന്നെ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങളുടെ പ്രദേശത്തേക്ക് വെള്ളം ലഭിക്കാതിരിക്കാന്‍ ഈ ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ മുറിച്ച് മാറ്റിയതായും നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടത്താനായിട്ടുണ്ട്. പ്രദേശത്ത് റോഡ് നിര്‍മിക്കാനായി സ്ഥലം നല്‍കിയതിനാല്‍ കിണര്‍ കുഴിക്കാന്‍ സ്ഥലമില്ലാത്തവരാണ് പലരും. ഡെപ്യൂട്ടി കലക്ടര്‍ ഇടപെട്ടതോടെ വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കണ്ടങ്ങല്‍ നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."