മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവതി പിടിയിലായി
നെടുമ്പാശ്ശേരി:അത്താണിയിലെ ബെക്കറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ യുവതി ചെങ്ങമനാട് പോലീസിന്റെ പിടിയിലായി.പാറക്കടവ് വട്ടപ്പറമ്പ് കോടുശ്ശേരി പൊന്നാരത്തുംപറമ്പില് ത്രേസ്യാമ്മയെ (36)യാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.മുന്‍പും പല മോഷണക്കേസുകളിലും പ്രതിയായി ഇവര്‍ പിടിയിലായിട്ടുണ്ട്. ഈ മാസം 18 നാണ് അത്താണിയിലെ നവ്യ ബേക്കറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്.ബേക്കറിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.ഇതേതുടര്‍ന്ന് ബേക്കറി ഉടമ ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ എം.എസ്.രാജി, വനിത സിവില്‍ പൊലീസ് ഓഫീസര്‍ കെ.എസ്.ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ കോടുശ്ശേരിയിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.ഡിപ്സി, നീതു തുടങ്ങിയ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന പ്രതി ജില്ലക്കകത്തും പുറത്തും കൂടാതെ സേലം പൊലീസ് സ്റ്റേഷനിലും നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പൊലീസ് പറഞ്ഞു.ഇവര്‍ കുപ്രസിദ്ധ വാടക ഗുണ്ടകളുടെ സംഘത്തിലെ ഉള്‍പ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.ആലുവ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."