സുമനസുകള്‍ കനിഞ്ഞു: ജാനുവിന് വീടൊരുങ്ങി
കൂത്തുപറമ്പ്: മൂര്യാട് അയോധ്യ നഗര്‍ ചുള്ളി ഭാഗത്തെ കാരായി ജാനുവിന് സുമനസുകളുടെ കാരുണ്യത്താല്‍ വീടൊരുങ്ങി. വര്‍ഷങ്ങളായി ഇവര്‍ മനസില്‍ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു കയറി കിടക്കാന്‍ അടച്ചുറപ്പുള്ള വീടെന്നത്. സുമനസുകളുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വീട്ടില്‍ ജാനുകഴിഞ്ഞ ദിവസം മുതല്‍ താമസം തുടങ്ങി.
നീണ്ടു നിവര്‍ന്നൊന്നു നില്ക്കാന് പോലും കഴിയാത്ത വിധത്തിലുള്ള ടാര്‍പോളിങ് കൂരയ്ക്ക് കീഴിലായിരുന്നു കുറേ വര്‍ഷങ്ങളായി ജാനുവിന്റെ ജീവിതം. നാലു ഭാഗവും മരക്കൊമ്പില്‍ കുത്തി നിര്‍ത്തിയ പ്ലാസ്റ്റിക് കൂരയ്ക്കു കീഴെയായിരുന്നു ഭക്ഷണം തയാറാക്കലും ഉറക്കവുമെല്ലാം. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു വരുന്നതിനിടെ ഭര്‍ത്താവ് മരണപ്പെടുകയും ബന്ധുക്കള്‍ മറ്റു വീടുകളിലേക്ക് താമസം മാറുകയും ചെയ്തതോടെയാണ് ജാനു തനിച്ചായത്. കാലപ്പഴക്കത്താല്‍ ഇവരുടെ വീടും നാമാവശേഷമായി. അതോടെ വീട് നിലനിന്ന സ്ഥലത്ത് തന്നെ പ്ലാസ്റ്റിക് ഷീറ്റ് പാകിയ ഷെഡ് നിര്‍മിക്കുകയായിരുന്നു.
സ്വന്തമായി വീടു നിര്‍മിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും സാങ്കേതിക കുരുക്കില്‍ അതും തടസപ്പെട്ടു ജാനുവിന്റെ ദുരിത ജീവിതം കണ്ടറിഞ്ഞ കൂത്തുപറമ്പ് നഗരസഭാധികൃതരും നാട്ടുകാരും ഇടപ്പെട്ട് ജാനുവിനെ വീടിനു സമീപം തന്നെയുള്ള വാടക വീട്ടിലേക്ക് മാറ്റി.
ഇതിനൊപ്പം ഇവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള നടപടിയും തുടങ്ങി.എം.ചന്ദ്രഭാനു കണ്‍വീനറും കൗണ്‍സിലര്‍ വി.വാസു ചെയര്‍മാനുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ കൂടി സഹായത്തോടെ ആറു മാസം കൊണ്ടാണ് നാലു ലക്ഷത്തോളം രൂപ ചെലവില്‍ വീടുനിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരു കിടപ്പുമുറി, ഹാള്‍, അടുക്കള, ശുചി മുറി എന്നീ സൗകര്യങ്ങളോടു കൂടിയതാണ് വീട്.കഴിഞ്ഞ ദിവസമാണ് വീടിന്റെ താക്കോല്‍ദാനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."