സാഗര്‍ കവച് തീരദേശ സുരക്ഷാ മോക്ഡ്രില്‍ നാളെ
കൊടുങ്ങല്ലൂര്‍: കേരളത്തിന്റെയും, ലക്ഷദീപിന്റെയും സമുദ്ര തീരപ്രദേളങ്ങളിലെ സുരക്ഷ പരിശോധനക്കായി സംഘടിപ്പിക്കുന്ന സാഗര്‍ കവച് എന്ന തീരദേശ സുരക്ഷാ മോക്ഡ്രില്‍ നാളെ രാവിലെ ഏട്ട് മുതല്‍ വ്യാഴാഴ്ച രാവിലെ ഏട്ട് വരെ നടക്കും.
ഇന്ത്യന്‍ നേവി, ബി.എസ്.എഫ്, കോസ്റ്റ് ഗാര്‍ഡ്, കേരള പൊലിസ്, ഇന്ത്യന്‍ കസ്റ്റംസ്, ഫഷറീസ്, തുറമുഖ വകുപ്പ് എന്നിവ സംയുക്തമായാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. കടലിലൂടെയുളള ദേശവിരുദ്ധ ശക്തികളുടെയും ഭീകരവാദികളുടെയും നുഴഞ്ഞു കയറ്റവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും കളളക്കടത്ത്, മദ്യ-മയക്കു മരുന്ന് കടത്ത് എന്നിവയില്‍ നിന്നും ഇന്ത്യന്‍ കടലോരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരദേശ സുരക്ഷാ മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളിലെ സമുദ്ര തീരങ്ങളുടെ സുരക്ഷ പരിശോധനയുടെ ഭാഗമായി തീരദേശ സ്റ്റേഷനുകളിലെ പൊലിസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെട്ട കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലയിലെ തീരദേശങ്ങളിലുടനീളം ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.
അഴീക്കോട് തീരദേശ സ്റ്റേഷനിലെ മൂന്ന് ഇന്റര്സെപ്ക്ടര് ബോട്ടുകളും മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരും കൊടുങ്ങല്ലൂര്‍, മതിലകം, വലപ്പാട്, വാടാനപ്പിളളി, ചാവക്കാട്, വടക്കേക്കാട് പൊലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകരും നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നീണ്ട് നില്ക്കുന്ന സാഗര്‍ കവച് മോക്ഡ്രിലില്‍ പങ്കെടുക്കും. കരയിലെയും, കടല്‍തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ കടലിലേയും സുരക്ഷക്രമീകരണങ്ങള്‍ കേരള പൊലിസിനും അഞ്ച് നോട്ടിക്കല്‍ മൈലിന് ശേഷമുളള കടലില്‍ ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങള്‍ കപ്പലുകളുടെയും, ഹെലികോപ്പ്റ്ററുകളുടെയും സഹായത്തോടെ സുരക്ഷയൊരുക്കും.
തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര് അജിത് കുമാര്‍, ജില്ലാ പൊലിസ് മേധാവി എന്‍.വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."