വീടിനുമുകളില്‍ വീണ മരം മാറ്റാന്‍ അനുവദിക്കുന്നില്ല; പൊതുപ്രവര്‍ത്തകനെ പീഡിപ്പിക്കുന്നതായി പരാതി
കുമ്പള: ഏക്കറുകണക്കിനു വരുന്ന മിച്ചഭൂമി വിവിധ വികസന പദ്ധതികള്‍ക്കായി നിരന്തര പോരാട്ടത്തിലൂടെ സര്‍ക്കാരിലേക്കു പിടിച്ചു കൊടുത്ത വൈരാഗ്യത്താല്‍ പൊതുപ്രവര്‍ത്തകനെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയും വീടിനു മുകളില്‍ മറിഞ്ഞു വീണ വന്‍മരം മുറിച്ചുമാറ്റാതെയും പീഡിപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി ഷിറിയ വികസന സമിതി ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ കുമ്പള ഷിറിയയിലെ അബ്ബാസ് ഓണന്ത മുട്ടാത്ത വാതിലുകളില്ല. 35 വര്‍ഷത്തിലേറെയായി നടത്തി വരുന്ന പൊതുപ്രവര്‍ത്തനത്തിലൂടെ ഷിറിയയിലും പരിസരങ്ങളിലുമുള്ള വികസന പദ്ധതികള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ വിശ്രമില്ലാതെ പോരാടിയ അബ്ബാസിനും മറ്റു അഞ്ചു കുടുംബങ്ങള്‍ക്കും വഴി തടസപ്പെടുത്തിയാണ് സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചവരുടെ പ്രതികാര നടപടിയെന്നാണ് പരാതി.
ഇദ്ദേഹത്തിന്റെ വീടിനു മുകളില്‍ അടുക്കള ഭാഗത്ത് കൂറ്റന്‍ മരം വീണതിനെ തുടര്‍ന്ന് പതിനഞ്ചു ദിവസമായി വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
ഉണങ്ങിയ മറ്റൊരു വന്‍ മരം ഏതു സമയം ഒടിഞ്ഞു വീഴാന്‍ പാകത്തില്‍ നില്‍ക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പരാതി നല്‍കിയിരുന്നത്. സ്‌കൂള്‍, തീരദേശ പൊലിസ് സ്റ്റേഷന്‍, അങ്കണവാടി, ഏകാധ്യാപക വിദ്യാലയം എന്നിവ പണിതത് സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരുന്ന ഭൂമിയിലാണ്.
ഷിറിയ വികസന സമിതി എന്ന സംഘടനയുണ്ടാക്കി നടത്തിയ പോരാട്ടത്തെ തുടര്‍ന്നാണ് അന്യാധീനപ്പെട്ട ഭൂമികള്‍ സര്‍ക്കാറിലേക്ക് പിടിച്ചു കൊടുക്കാനായതെന്നാണ് അബ്ബാസ് ഓണന്ത പറയുന്നത്. പ്രതികാര നടപടിയുടെ ഭാഗമെന്നോണം വില്ലേജ് അധികൃതര്‍ അളന്നുതിട്ടപ്പെടുത്തിയ 150 മീറ്ററിലധികം പൊതുവഴി മതില്‍ കെട്ടി ചിലര്‍ തടസപ്പെടുത്തിയിരിക്കുകയാണ്.
അതിനാല്‍ ഇവിടെയുള്ള മറ്റു കുടുംബങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതായും സംഭവത്തില്‍ നിയമ പോരാട്ടം തുടരുമെന്നും അബ്ബാസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."