അഴിമുഖത്ത് താഴ്ന്ന ജീവനുകള്‍ രക്ഷിച്ച ഓര്‍മയില്‍ ജബ്ബാര്‍
കൊടുങ്ങല്ലൂര്‍: 1965 ജൂലൈ മാസം, അഴീക്കോട് അഴിമുഖത്ത് ഹിറ്റ് സിനിമ ചെമ്മീന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. വള്ളങ്ങള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് ഷൂട്ടിങ്്. ചങ്ങാടത്തില്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ സത്യന്‍, സംവിധായകന്‍ രാമു കാര്യാട്ട്, ക്യാമറാമാന്‍ മാര്‍ക്കസ് ബട്‌ലി തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഇരുപതിലധികം പേര്‍.
പ്രതികൂല കാലാവസ്ഥയിലും ചിത്രീകരണം പുരോഗമിക്കുന്നു. പൊടുന്നനെ ആഞ്ഞടിച്ചൊരു തിരയില്‍പെട്ട് ചങ്ങാടത്തിലെ വള്ളങ്ങള്‍ വേര്‍പ്പെട്ടു. തെങ്ങോളം തിരയുയരുന്ന അറബിക്കടലിലേക്ക് നിയന്ത്രണം വിട്ട ചങ്ങാടം ഒഴുകി നീങ്ങി. ഷൂട്ടിങ് കാണാന്‍ ബോട്ടുകളിലും വള്ളങ്ങളിലുമായി എത്തിയ നൂറുകണക്കിനാളുകള്‍ കാഴ്ച്ചക്കാരായി നിന്നു. സിനിമയെ വെല്ലുന്ന ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍,
ബോട്ട് മെക്കാനിക്കായ അബ്ദുല്‍ ജബ്ബാര്‍ കൂട്ടുകാരായ മത്സ്യതൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ ഷൂട്ടിങ്് കാണാനെത്തിയതായിരുന്നു. ക്യാമറാ ഫ്രെയ്മില്‍ ബോട്ട് ഓടിച്ചതിനെ തുടര്‍ന്ന് സിനിമാക്കാര്‍ വിരട്ടിയോടിച്ച ജബ്ബാര്‍ അഴിമുഖത്തിനടുത്ത് ബോട്ട് കെട്ടിയിട്ടിരിക്കുമ്പോഴാണ് കൂട്ട നിലവിളി കേട്ടത്.
ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് സിനിമാക്കാരുടെ ചങ്ങാടം കടലിലേക്ക് ഒഴുകി നീങ്ങുന്നതാണ്. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ലായിരുന്നു. അലറി വീശുന്ന തിരകള്‍ക്ക് മുകളിലൂടെ ജബ്ബാര്‍ ബോട്ട് ഓടിച്ചു കയറ്റി. വടം കെട്ടിചങ്ങാടം കരക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പാഴായി. ആഴക്കടലിലേക്ക് ഒഴുകി നീങ്ങുന്ന ചങ്ങാടത്തില്‍ നിന്നും സത്യനുള്‍പ്പെടെയുള്ളവരെ ബോട്ടില്‍ കയറ്റി നിമിഷ നേരത്തിനകം അപകടത്തില്‍പെട്ട ചങ്ങാടം കടലിലെ ചുഴിയില്‍ പതിച്ചു.
എണ്‍പത് പിന്നിടുന്ന അബ്ദുള്‍ ജബ്ബാറിന്റെ ഉള്ളിലിന്നും ഓര്‍മ്മകള്‍ തിരയടിക്കുകയാണ്. കടലില്‍ നിന്നും രക്ഷപ്പെടുത്തിയവരെ ജബ്ബാറിന്റെ നേതൃത്വത്തില്‍ അടുത്തുള്ള കരിക്കുളം ആശുപത്രിയിലെത്തിച്ചു.
മലയാളത്തിലെ മികച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചതിന് ജബ്ബാറിന് ചെമ്മീന്റെ നിര്‍മ്മാതാവായ കണ്‍മണി ബാബു എന്ന ബാബു സേട്ട് പാരിതോഷികമായി നല്‍കിയത് 28 സെന്റ് ഭൂമിയായിരുന്നു.
കാലങ്ങളോളം കരിക്കുളം ആശുപത്രിയില്‍ ജബ്ബാറിനും, ജബ്ബാര്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്കും ചികിത്സാ സൗജന്യം ലഭിച്ചു പോന്നു. താനുള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷിച്ച ജബ്ബാറിനോട് പകരം എന്ത് വേണമെന്ന് ചോദിച്ച സത്യന് മുന്നില്‍ ചിരിച്ചു നിന്നു ആ ചെറുപ്പക്കാരന്‍.
സിനിമാക്കാരുമായി ചങ്ങാത്തത്തിലായ ജബ്ബാര്‍ കുറച്ചു നാള്‍ അവര്‍ക്കൊപ്പം മദിരാശിയില്‍ തങ്ങിയെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നെ പല തൊഴിലുകള്‍, പ്രവാസം, ഒടുവിലിപ്പോള്‍ ഓര്‍മ്മകളുടെ തീരത്ത് സ്വസ്ഥജീവിതം.
അന്ന് ഒരു പക്ഷെ ചെറുപ്പത്തിന്റെ ആവേശത്തില്‍ ജബ്ബാര്‍ തിരകള്‍ക്ക് മുകളിലൂടെ ബോട്ട് ഓടിച്ചു കയറ്റിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ സത്യന്‍,രാമു കാര്യാട്ട് എന്നിവരുള്‍പ്പെടെയുള്ള പ്രതിഭാശാലികളായ സിനിമാ പ്രവര്‍ത്തകരെ മലയാളത്തിന് നഷ്ടമാകുമായിരുന്ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."