കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിനീയമല്ല: സമൂഹ വ്യാപനം തൊട്ടടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങള്‍ക്കെതിരേ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം എന്തിന്റെ പേരിലായാലും കൊവിഡ് പശ്ചാത്തലത്തില്‍ അനുവദിനീയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.എന്നാല്‍ ഇന്നും സമാനമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടു. ഇന്നും ചിലയിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകളും നിയന്ത്രണങ്ങളും കൂട്ടാക്കാതെ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് കണ്ടുവെന്നും അത്തരം സമരങ്ങള്‍ എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളും മറ്റും വന്നപ്പോള്‍ മറ്റെല്ലാം മാറ്റിവെച്ച് പ്രതിരോധത്തിന് ഒന്നിച്ചിറങ്ങിയ നാടാണ് ഇത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും കുറ്റകരമാണ് എന്ന് ബന്ധപ്പെട്ടവരെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാവുകയാണ്. പ്രതിദിനം സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഉറവിടമില്ലാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട് അല്ലാത്തപക്ഷം സമൂഹവ്യാപനത്തിലേക്ക് സംസ്ഥാനം എത്തിചേരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."