ജാതിയും മതവും പ്രചാരണത്തിനുപയോഗിക്കരുത്: തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിം കോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: ജാതിയും മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ചു.
ഹര്‍പ്രീത് മന്‍സുഖാനി എന്ന പ്രവാസിയാണ് ഇതു സംബന്ധിച്ച് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതിയും മതവും പറയുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു നിരീക്ഷക സമിതിയെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ജനപ്രാതിനിധ്യ നിയമത്തിലെ123ാം വകുപ്പ് അഴിമതിരഹിത തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ പര്യാപ്തമല്ലെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍, വക്താക്കള്‍ തുടങ്ങിയവര്‍ക്ക് പുറമെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളുടെ നേതാക്കളും വക്താക്കളും വര്‍ഗീയ, ജാതീയ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റെവിടെയെങ്കിലുമോ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. നിലവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികള്‍ ഈ നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെട്ട് പോകാറാണ് പതിവ്. ജനാധിപത്യം വിജയിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധി അനിവാര്യമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നു. ജാതിയും മതവും പറയുന്ന മാധ്യമങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഹരജി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."