HOME
DETAILS
MAL
'കീം' കടമ്പയും കടന്നു; 85 ശതമാനം പേര്‍ പരീക്ഷ എഴുതി
backup
July 17 2020 | 01:07 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ മാനദണ്ഡങ്ങളോടെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 'കീം' പൂര്‍ത്തിയായി. 343 കേന്ദ്രങ്ങളിലായി 1,10,250 പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. അപേക്ഷകരില്‍ 85 ശതമാനം പേര്‍ പരീക്ഷയെഴുതിയെന്നാണ് പ്രാഥമിക കണക്ക്. ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളും പരീക്ഷയെഴുതി. രണ്ട് പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ് പരീക്ഷയെഴുതിയത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നിച്ച് എത്തിയതോടെ കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ കേന്ദ്രങ്ങളില്‍ പലയിടത്തും തിരക്കനുഭവപ്പെട്ടു. പൊലിസും വളന്റെിയര്‍മാരും ചേര്‍ന്നാണ് തിരക്കു നിയന്ത്രിച്ചത്. ക്വാറന്റൈനില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക റൂമിലായിരുന്നു പരീക്ഷ. ഇവര്‍ ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആര്‍ ഷീറ്റ് പ്രത്യേകം കവറുകളിലാക്കിയാണ് മൂല്യനിര്‍ണയത്തിനയക്കുന്നത്. ഇവ ഉള്‍പ്പടെ മുഴുവന്‍ ഉത്തരക്കടലാസുകളുടെയും മൂല്യനിര്‍ണയം ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ പ്രകാരം 14 ദിവസത്തിന് ശേഷം മാത്രമായിരിക്കും നടത്തുക. പരീക്ഷയുടെ ഒന്നാംഘട്ടത്തിനു ശേഷം ശുചിമുറികള്‍ അണുവിമുക്തമാക്കി.
തിരുവനന്തപുരത്ത് കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ നിന്നുള്ള 60 വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വലിയതുറ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേക പരീക്ഷ കേന്ദ്രം ഒരുക്കിയിരുന്നു. പരീക്ഷ ഡ്യൂട്ടിക്ക് പി.പി.ഇ കിറ്റ് ധരിച്ചാണ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഇവിടെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."