പരിസ്ഥിതി പ്രശ്‌നങ്ങള്‍ പറയാന്‍ 'സാറ' എത്തുന്നു
തൃക്കരിപ്പൂര്‍: ഉത്തരകേരളത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ലളിതമായി അപഗ്രഥിക്കുന്ന ചെറുനോവല്‍ 'മക്കളെ തേടുന്ന സാറ' പ്രസിദ്ധീകരണത്തിനൊരുങ്ങി. സൊസൈറ്റി ഫോര്‍ എന്‍വയണ്‍മെന്റല്‍ എജുക്കേഷന്‍ ഇന്‍ കേരള-സീക്ക് പയ്യന്നൂരാണ് പ്രസാധനം നിര്‍വഹിക്കുന്നത്. പരിസ്ഥിതി മാസികയായ 'സൂചിമുഖി'യില്‍ പ്രസിദ്ധീകരിച്ച വി.വി രവീന്ദ്രന്റെ നോവലാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത്.
ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ ശോഷണം, കായല്‍ കൈയേറ്റം, മണലൂറ്റല്‍, കുടിവെള്ള ക്ഷാമം, വരള്‍ച്ച, കണ്ടല്‍ ചെടികളുടെ പ്രാധാന്യം എന്നിവ നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. 'സൂചീമുഖി'യില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ തന്നെ വായനക്കാരില്‍ പലരും സാറയെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍ പറഞ്ഞു.
ഏപ്രില്‍ 30നു തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ ആലുംവളപ്പില്‍ നടക്കുന്ന നോവല്‍ പ്രകാശന ചടങ്ങ് മുക്കം ബി.പി മൊയ്തീന്‍ സ്മാരക സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചനമാല ഉദ്ഘാടനം ചെയ്യും. നിരൂപകനും എഴുത്തുകാരനുമായ ഇ.പി രാജഗോപാലന്‍ പ്രഭാഷണം നടത്തും.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക് ഔഷധ സസ്യമായ ലക്ഷ്മി തരുവിന്റെ തൈകള്‍ വിതരണം ചെയ്യും. പാരിസ്ഥിതിക വനസംരക്ഷണ അവബോധം സൃഷ്ടിക്കുന്ന കൃതിക്കുള്ള പിന്തുണയായാണു തൈകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."