കൊണ്ടോട്ടിയില്‍ കാര്‍ അഞ്ച് വാഹനങ്ങളിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി
കൊണ്ടോട്ടി: അങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ അഞ്ച് വാഹനങ്ങളിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി. റോഡരികിലെ നടപ്പാതയിലുണ്ടായിരുന്നയാള്‍ക്ക് പരുക്കേറ്റു. വാഹനങ്ങളും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടം വരുത്തിയ വാഹനത്തിലുണ്ടായിരുന്നവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7.20 ഓടെയാണ് കൊണ്ടോട്ടി അങ്ങാടിയില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ഫോര്‍ച്ച്യൂണര്‍ കാര്‍ വാഹനങ്ങളില്‍ കൂട്ടിയിടിച്ച് കടകള്‍ തകര്‍ത്ത് അപകടമുണ്ടായത്.
അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന ഒരു കാറിലും സ്‌കൂട്ടറിലും റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകളിലും ഒരുകാറിലും ഇടിച്ച് നടപ്പാതയില്‍ കയറി ഇറങ്ങിയാണ് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്. അങ്ങാടിയിലെ ഒളവട്ടൂര്‍ ട്രേഡേഴ്‌സ്, കെ.പി മെഡിക്കല്‍സ് എന്നീ കടയിലേക്കാണ് കാര്‍ ഇടിച്ച് നിന്നത്. അപകടം നടക്കുന്ന സമയത്ത് കൂടുതല്‍ കാല്‍നട യാത്രക്കാരും കടകളുടെ മുന്‍ഭാഗത്തും ആളില്ലാത്തതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ഓടിക്കൂടിയ ജനം വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടി പൊലിസിലേല്‍പ്പിച്ചു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു കാറുകള്‍, സ്‌കൂട്ടറടക്കം, മൂന്ന് ഇരുചക്രവാഹനങ്ങള്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒളവട്ടൂര്‍ ട്രേഡേഴ്‌സിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. പൈപ്പുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പിന്റെ ഒരുഭാഗവും കേടുപാട് പറ്റി. നടപ്പാതയിലുണ്ടായിരുന്നയാളെ അപകടം വരുത്തിയ വാഹനത്തിന് അടിയില്‍ നിന്നാണ് പുറത്തെടുത്തത്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. നഗരത്തില്‍ തന്നെ അപകടം നടന്നതിന്റെ ഞട്ടലിലാണ് കച്ചവടക്കാരും നാട്ടുകാരും. ഗതാഗതക്കുരുക്കു മൂലം വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന സ്ഥലത്താണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഉയര്‍ത്തി കെട്ടിയ നടപ്പാതക്ക് മുകളില്‍ കയറി കാര്‍ കടയിലേക്ക് പാഞ്ഞുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."