ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച 30 പേരെ കാണാനില്ല: അധികൃതര്‍ക്ക് നല്‍കിയത് തെറ്റായ വിവരങ്ങള്‍, പൊലിസ് തിരച്ചില്‍ ആരംഭിച്ചു
വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാണാതായ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ ശക്തമാക്കി. ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് കൊവിഡ് സ്ഥിരീകരിച്ച 30 പേരെ കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നും പൊലിസ് പറഞ്ഞു.
കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. രോഗം സ്ഥിരീകരിച്ചതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തങ്ങള്‍ കബളിക്കപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് മനസിലാക്കിയത്. പലരും നല്‍കിയ വിലാസവും ഫോണ്‍ നമ്പറും തെറ്റായിരുന്നു. പല മാര്‍ഗങ്ങളിലൂടെ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്നാണ് ആരോഗ്യവകുപ്പ് പൊലിസിന്റെ സഹായം തേടിയത്.
രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തില്‍ ചിലര്‍ കബളിപ്പിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മ പറഞ്ഞു. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എസ്.എസ്.പി. അമിത് പഥക്കിന്റെ നേതൃത്വത്തിലാണ് മുങ്ങിനടക്കുന്ന രോഗികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."