ഹോണ്‍ രഹിത ദിനം; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി
കരുനാഗപ്പള്ളി: ഹോണ്‍ രഹിത ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധന നടത്തി. ഫിറ്റ്നസില്ലാതെ സര്‍വിസ് നടത്തിയ കൃഷ്ണപ്രിയ എന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു. വാഹനം പരിശോധിച്ചതില്‍ വാഹനത്തിന്റെ സ്പീഡ് ഗവര്‍ണര്‍ അഴിച്ച മാറ്റിയ നിലയിലും പിന്‍ഡോര്‍ ഷട്ടറുകള്‍ കീറിയ നിലയിലും സീറ്റുകള്‍ ഇളകിയ നിലയിലും ഫുട്ബോഡ് ദ്രവിച്ച നിലയിലും ടയറുകള്‍ പൂര്‍ണ്ണമായും തേഞ്ഞനിലയിലും കണ്ടെത്തി.
കൂടാതെ എയര്‍ ഹോണ്‍ ഉപയോഗിച്ച 15 ഓളം വാഹനങ്ങള്‍ക്ക് എതിരെയും സ്പീഡ് ഗവര്‍ണറില്‍ കൃത്രിമം കാട്ടിയ രണ്ട് വാഹനങ്ങള്‍ക്ക് എതിരെയും കേസ് എടുത്തു. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ബുള്ളറ്റുകളുടെ സൈലന്‍സറുകള്‍ അഴിച്ച് മാറ്റാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തു. പിഴയിനത്തില്‍ 30,000 രൂപയോളം ഈടാക്കി. പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബേബി ജോണ്‍, ഡാനിയല്‍ ബേബി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നും കര്‍ശന പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."