HOME
DETAILS
MAL
തൂക്കിലേറ്റിയാലും കുഴപ്പമില്ലെന്ന് ഉമാഭാരതി
backup
July 26 2020 | 03:07 AM
ലക്നൗ: 1992 ഡിസംബര്‍ ആറിനു ബാബരി മസ്ജിദ് പൊളിച്ച കേസില്‍ തന്നെ തൂക്കിലേറ്റിയാലും ഒരു കുഴപ്പവുമില്ലെന്നു കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി. കേസില്‍ ഇവരടക്കമുള്ള പ്രതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉമാഭാരതിയുടെ പ്രതികരണം.
കോടതി വിളിപ്പിച്ചതിനാല്‍ പോയി മൊഴി നല്‍കിയെന്നും കോടതി എന്തു വിധിക്കുന്നുവെന്നതു തനിക്കു പ്രശ്നമല്ലെന്നും അവര്‍ പറഞ്ഞു. താന്‍ നല്കിയ മൊഴി സത്യമാണ്. ഈ കേസില്‍ തന്നെ തൂക്കിലേറ്റാന്‍ വിധിച്ചാല്‍ താന്‍ അനുഗ്രഹീതയായെന്നും തന്റെ ജന്മദേശവും അതില്‍ സന്തോഷിക്കുമെന്നും അവര്‍ പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഉമാഭാരതി കോടതിയിലെത്തി മൊഴി നല്‍കിയിരുന്നത്.
കേസില്‍ പ്രതികളായ മറ്റു ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍സിങ് തുടങ്ങിയവരും കഴിഞ്ഞ ദിവസങ്ങളില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്വാനിയും ജോഷിയും കോടതിയില്‍ നിലപാടെടുത്തിരുന്നത്.
ബാബരി പൊളിച്ച കേസില്‍ ഓഗസ്റ്റ് 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവുണ്ട്. ബാബരി ഭൂമിത്തര്‍ക്കത്തില്‍ സുപ്രിംകോടതി നേരത്തെ അന്തിമ വിധി പ്രസ്താവിച്ചിരുന്നു. ഇതനുസരിച്ച് ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഓഗസ്റ്റ് അഞ്ചിനു രാമക്ഷേത്ര നിര്‍മാണം തുടങ്ങാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."