തുര്‍ക്കിയില്‍ 6000 പേര്‍ അറസ്റ്റില്‍
അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന സൈനിക ഓഫിസര്‍മാരും ജഡ്ജിമാരും ഉള്‍പ്പെടെ 6000 പേരെ അറസ്റ്റ് ചെയ്തു. കേസില്‍ നിയമനടപടി തുടരുകയാണെന്ന് നീതിന്യായ മന്ത്രി ബകിര്‍ ബുസ്ദാഗ് പറഞ്ഞു. മൂന്നാം സൈനികവിഭാഗം കമാന്‍ഡര്‍ ജനറല്‍ ഇര്‍ദാല്‍ ഒസ്തുര്‍കും അറസ്റ്റിലായവരില്‍പ്പെടും. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളിലൊരാളാണ് ഒസ്തുര്‍ക്. മുന്‍ വ്യോമസേനാ മേധാവിയായിരുന്നു ഇദ്ദേഹം. രണ്ടാം സൈനിക കമാന്‍ഡര്‍ ആദം ഹുദൂതിയും അറസ്റ്റിലായി. അറസ്റ്റിലായ സൈനികരില്‍ 50 പേര്‍ ഉന്നതറാങ്കുള്ളവരാണ്. 2,839 സൈനികരാണ് അറസ്റ്റിലായത്. 2,745 ജഡ്ജിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 256 പേരാണ് പട്ടാള അട്ടിമറിശ്രമത്തിനിടെ കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ പ്രതികാരത്തോടെ പ്രവര്‍ത്തിക്കില്ലെന്നും സൈന്യത്തിന്റെ തോക്കും ടാങ്കും തട്ടിയെടുത്തു രാജ്യത്തിനെതിരേ യുദ്ധംചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണു ചെയ്യുന്നതെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അട്ടിമറിക്കിടെ കൊല്ലപ്പെട്ട പ്രദേശവാസികളുടെ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസിലുള്ള ഫത്ത്ഹുല്ല ഗുലേന്‍ ആണ് അട്ടിമറിക്കു പിന്നിലെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ യു.എസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പട്ടാള അട്ടിമറിയില്‍ തനിക്കു പങ്കില്ലെന്ന് ഗുലേന്‍ വ്യക്തമാക്കി. അതിനിടെ, തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്കെതിരേയുള്ള ജന വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ലക്ഷങ്ങള്‍ തെരുവിലിറങ്ങി പ്രകടനം നടത്തി. പട്ടാളഅട്ടിമറിയെ ചെറുത്തു തോല്‍പ്പിച്ചതിനു പിന്നാലെയാണ് ജനാധിപത്യത്തെ പിന്തുണച്ചു വന്‍ റാലികള്‍ നടന്നത്.
വെള്ളിയാഴ്ച രാത്രിയാണ് തുര്‍ക്കി പട്ടാളത്തിലെ ഒരു വിഭാഗം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ആഹ്വാനപ്രകാരം ജനങ്ങളും പൊലിസും ചേര്‍ന്ന് വിമതസൈന്യത്തെ കീഴടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."