വിശുദ്ധ കഅ്ബാലയം ഇന്ന് പുതിയ കിസ്‌വ അണിയും
മക്ക: വിശുദ്ധ കഅ്ബാലയം ഇന്ന് പുതിയ കിസ്‌വ അണിയും. ബുധനാഴ്ച വൈകീട്ട് പഴയ കിസ്‌വ അഴിച്ചു വെച്ച് പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് നടക്കുമെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു. സാധാരണ നിലയിൽ ഹാജിമാർ അറഫയിൽ ഒരുമിച്ചു ചേരുന്ന അറഫ സംഗമ ദിനത്തിലാണ് പഴയ കിസ്‌വ മാറ്റാറുള്ളത്. ഹാജിമാർ ഇവിടെ സംഗമിക്കുമ്പോൾ മക്കയിൽ തിരക്ക് തീരെ ഉണ്ടാവില്ലെന്നതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ നിലവിൽ മക്കയിൽ ഹജ്ജ് കാലത്തും വിജനമാണ്. ഇതാണ് നേരത്തെ തന്നെ കിസ്‌വ മാറ്റുവാൻ കാരണം. കിസ്‌വ നിർമ്മാണ ഫാക്റ്ററിയായ കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ജനറൽ അഡ്മിനിസ്ട്രേഷന്റെ മേൽനോട്ടത്തിലായിരിക്കും കിസ്‌വ മാറ്റുന്നത്.
നേരത്തെ, പുതിയ കിസ്‌വ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിന് കൈമാറിയിരുന്നു. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നേതൃത്വത്തിലാണ് കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് അൽശൈബിക്ക് കിസ്‌വ കൈമാറിയത്.
പതിനാല് മീറ്റർ ഉയരമുള്ള പ്രകൃതിദത്തമായ പട്ടിൽ നിർമിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. മുകളിൽ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും. ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുയാണ് ചെയ്യുക.
700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഒരു കിസ്‌വ നിർമിക്കുന്നതിന് എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. ഹജ് തീർഥാടകരുടെ തിരക്ക് ആരംഭിച്ചതോടെ കിസ്‌വ ഉയർത്തിക്കെട്ടിയിട്ടുണ്ട്. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. നേരത്തെ മുൻ വര്ഷങ്ങളിലേത് പോലെ തന്നെ വിശുദ്ധ കഅ്ബയിലെ നിലവിലെ കിസ്‌വ ഉയർത്തി വെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."