ദ.കൊറിയയിലെ പ്രതിരോധകേന്ദ്രം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് യു.എസ്
വാഷിങ്ടണ്‍: ഉ.കൊറിയക്കെതിരേ സൈനിക മുന്നൊരുക്കവും സാമ്പത്തിക ഉപരോധവും ശക്തിപ്പെടുത്താന്‍ അമേരിക്കയുടെ നീക്കം. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രയുദ്ധം മുറുകുന്നതിനിടെയാണ് പുതിയ നീക്കവുമായി അമേരിക്ക രംഗത്തെത്തിയത്.
ദ.കൊറിയയില്‍ അമേരിക്ക നേരത്തെ സ്ഥാപിച്ച ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് അമേരിക്കയുടെ പുതിയ ഭീഷണി. 2017 തീരുന്നതുവരെ താഡ് സംവിധാനം ഉപയോഗിക്കില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സൈനിക ശക്തിപ്രദര്‍ശനവുമായി ഉ.കൊറിയ മുന്നോട്ടുപോകുന്നതിനിടെയാണ് അമേരിക്ക നിലപാട് മാറ്റിയത്. ആറാമത്തെ ആണവ പരീക്ഷണം നടത്തുമെന്നും ഉ.കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉ.കൊറിയയില്‍നിന്ന് ദ.കൊറിയക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനായി അടുത്ത ദിവസങ്ങളില്‍ തന്നെ താഡ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് യു.എസ് പസഫിക് സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഹാരി ബി. ഹാരിസ് കോണ്‍ഗ്രസ് അംഗങ്ങളോട് പറഞ്ഞു.
ഉ.കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ മുട്ടുകുത്തിക്കാനല്ല അദ്ദേഹത്തിനു തിരിച്ചറിവുണ്ടാക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉപരോധമടക്കം ഉ.കൊറിയക്കെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ യു.എന്‍ രക്ഷാസമിതിയില്‍ സമ്മര്‍ദം ചെലുത്താനും അമേരിക്ക ആലോചിക്കുന്നുണ്ട്.ഉ.കൊറിയയില്‍നിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ പെട്ടെന്നുള്ള പ്രതികാര നടപടിയിലേക്ക് നീങ്ങുമെന്ന് വാഷിങ്ടണ്‍ ഉറപ്പുനല്‍കിയതായി ദ.കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്ക്മസ്റ്ററും ദ.കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് കിം ക്വാന്‍ ജിന്നും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി.
അതേസമയം, ദ.കൊറിയയിലെ സിയോങ്ജു കൗണ്ടിയിലെ താഡ് കേന്ദ്രത്തിലേക്ക് പ്രതിരോധ സാമഗ്രികള്‍ എത്തിച്ച വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.
ഇത് രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയെ തുടര്‍ന്ന് നാട്ടുകാര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നടപടിക്കെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."