ബാലഭാസ്കറിന്റെ മരണം: അപകടമല്ല, കൊലപാതകമാണെന്ന് പിതാവ്, സ്വര്‍ണക്കടത്തുകാരുടെ പങ്കില്‍ സംശയമാവര്ത്തിച്ചും കെ.സി ഉണ്ണി
പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അപകടമല്ല കൊലപാതകമാണെന്ന് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി. നേരത്തെതന്നെ ഈ സംശയമുണ്ടായിരുന്നു. അത്തരത്തിലുള്ള സംശയങ്ങളാണ് ബലപ്പെട്ടു വന്നത്. സി.ബി.ഐ അന്വേഷണത്തിലൂടെ ഇവയെല്ലാം മാറിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്കറിന്റെ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു കഴിഞ്ഞു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്തുകാരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പുതുതായി ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നിരുന്നു. ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്തുകേസിലെ പ്രതിയെ കണ്ടിരുന്നതായി ചില വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. ബാലഭാസ്കറിന്റെ അക്കൗണ്ടില്‍ ചില തിരിമറികള്‍ ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കാന്‍ സി.ബി.ഐയോട് ശുപാര്‍ശ ചെയ്തത്. പുതിയ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.
സംസ്ഥാന പൊലിസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇവരില്‍ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാറും സി.ബി.ഐ അന്വേഷണത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയും ചെയ്തു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ പള്ളിപ്പുറത്തിന് സമീപം 2018 സെപ്തംബര്‍ 25ന് കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."