ഹിസ്ബുല്ലയുടെ ആയുധപ്പുരയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം
ദമസ്‌കസ്: സിറിയയില്‍ ഹിസ്ബുല്ലയുടെ ആയുധപ്പുരക്കുനേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. ദമസ്‌കസ് വിമാനത്താവളത്തിനടുത്താണ് ആക്രമണമുണ്ടായത്.
തലസ്ഥാനമായ ദമസ്‌കസില്‍നിന്ന് 25 കി.മീറ്റര്‍ അകലെയുള്ള കെട്ടിടത്തിനുനേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുതവണ വ്യോമാക്രമണമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍നിന്നാണ് വിമാനത്താവളത്തിന്റെ ദക്ഷിണ പടിഞ്ഞാറന്‍ ഭാഗത്തെ സൈനികമേഖലയിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ തീ ആളിക്കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം തലസ്ഥാനത്തും മുഴങ്ങിക്കേട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ പറഞ്ഞു.
സിറിയന്‍ സര്‍ക്കാരുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന സംഘമാണ് ലബനാനിലെ ഹിസ്ബുല്ല. ഇവര്‍ക്ക് ഇറാന്റെ സഹായവുമുണ്ട്. ഇറാന്‍ വിതരണം ചെയ്യുന്ന ആയുധങ്ങളുടെ ശേഖരത്തിനുനേരെയാണ് ഇസ്‌റാഈലിന്റെ ആക്രമണമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയവഴി ഇറാന്‍ അത്യാധുനിക ആയുധങ്ങള്‍ ഹിസ്ബുല്ലയ്ക്കു കൈമാറുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സൈനികനടപടിയെന്ന് അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലുള്ള ഇസ്‌റാഈലി ഇന്റലിജന്‍സ് മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് പറഞ്ഞു. ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധങ്ങള്‍ കൈമാറുന്നതായി എപ്പോള്‍ സൂചന ലഭിച്ചാലും ആക്രമണം നടത്താന്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ഉത്തരവിട്ടിട്ടുണ്ടെന്നും കാറ്റ്‌സ് വ്യക്തമാക്കി.
2015ല്‍ ദമാസ്‌കസിലും ഗോലാന്‍ കുന്നുകളിലുമുള്ള ഹിസ്ബുല്ല പോരാളികളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് പ്രമുഖ ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."