നിര്‍മാണമേഖലയില്‍ വ്യാപക പരിശോധന
കൊച്ചി: ചട്ടങ്ങള്‍ ലംഘിച്ചും സുരക്ഷാ നടപടികളില്ലാതെയും ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്ന മൂന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആറ് നിര്‍മാണസ്ഥലങ്ങളില്‍ എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ. ശ്രീലാലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) വി.ബി.ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സുരക്ഷ മുന്‍നിര്‍ത്തിയുളള ബാരിക്കേഡുകള്‍, സേഫ്റ്റി ബെല്‍റ്റുകള്‍, ഹെല്‍മെറ്റുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലെന്നും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കുന്നില്ലെന്നും കണ്ടെത്തി. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ വളരെ പരിതാപകരമായ അവസ്ഥയിലാണെന്നും മനസ്സിലാക്കി. ഇതിനെ തുടര്‍ന്ന് ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് മൂന്ന് സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.
തൊഴിലാളികളുടേയും പ്രദേശവാസികളുടേയും സുരക്ഷ ഉറപ്പ് വരുത്തുവാനാണ് പരിശോധന എന്നും ഉടമകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യം എന്നും പരിശോധനക്ക് നേതൃത്വം നല്‍കുന്ന ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.ബി ബിജു പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരും.
ഗുരുതര പിഴവുകള്‍ കണ്ടെത്തിയാല്‍ നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുകയും പിഴവുകള്‍ പരിഹരിക്കുന്ന മുറയ്ക്ക് നിര്‍മാണം തുടരുന്നതിനുളള അനുമതി നല്‍കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. അസിസ്റ്റന്ററ് ലേബര്‍ ഓഫിസര്‍ പി.എസ് മര്‍ക്കോസ്, അസിസ്റ്റന്റ്് ലേബര്‍ ഓഫിസര്‍മാരായ കെ.എസ് രാജേഷ്, ടി.കെ നാസര്‍, ജഹ്ഫര്‍ സാദിഖ്, ബിനീഷ്, ബിജുമോന്‍ പി.എന്‍, രമേഷ് ബാബു തുടങ്ങിയവര്‍ പരിശോധനയില്‍ ജില്ലാലേബര്‍ ഓഫീസറെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."