സന്തോഷം ഒരു വില്‍പനച്ചരക്കല്ല
കടലിന്നടിയിലാണു സംഭവം. ചെറു മത്സ്യത്തിന്റെ അസാധാരണമായ സഞ്ചാരം കണ്ടപ്പോള്‍ വലിയ മത്സ്യം ചോദിച്ചു: ''എവിടെക്കാണ് ഇത്ര ധൃതിയില്‍..?''
ചെറു മത്സ്യം പറഞ്ഞു: ''ഞാന്‍ ജലം തേടി പോവുകയാണ്..!''
''ജലം തേടി എവിടേക്ക്..? കരയിലേക്കോ...?!''
''അല്ല, ജലാശയത്തിലേക്ക്..''
''ഏറ്റവും വലിയ ജലാശയത്തില്‍ മുങ്ങിമുഴുകി ജീവിക്കുന്ന നീ ഇനി ഏതു ജലാശയത്തിലേക്കാണു പോകുന്നത്..?''
താന്‍ ജീവിക്കുന്നത് ജലത്തിലാണെന്നറിയാതെ ജലം തേടി പോകുന്ന മത്സ്യത്തിന്റെ ഗതിയോര്‍ത്തുനോക്കൂ.. എത്ര ദയനീയം..! സഹതാപാര്‍ഹം..! ഈ ഗതിയാണ് നമ്മില്‍ പലര്‍ക്കും ഉണ്ടായിത്തീര്‍ന്നിട്ടുള്ളതെന്ന് ചിന്തിക്കുമ്പോള്‍ അതിശയം പിന്നെയും ഇരട്ടിക്കുന്നു...
രാപകലില്ലാതെ ഓരോരുത്തരും പരക്കം പായുകയാണ്. എവിടെക്കാണീ പാച്ചില്‍ എന്നു ചോദിച്ചാല്‍ സന്തോഷം തേടി അലയുകയെന്നു മറുപടി. സന്തോഷം തേടി എവിടേക്ക്..? ഭൗതികതയിലേക്ക്...! കിട്ടിയാല്‍ സ്വസ്ഥത നഷ്ടപ്പെടുന്ന ഭൗതികതയിലേക്ക്...! സന്തോഷം എവിടെയും തേടി നടക്കേണ്ടതില്ലെന്നും അതെവിടെയും നിറഞ്ഞുകിടപ്പാണെന്നും അവര്‍ മനസിലാക്കുന്നില്ല. സന്തോഷം എവിടെയാണുള്ളതെന്നു ചോദിച്ചാല്‍ സന്തോഷം എവിടെയാണില്ലാത്തതെന്ന മറുചോദ്യമാണു മറുപടി. കടലിലെ മത്സ്യം ജലം എവിടെയാണെന്നു ചോദിക്കരുത്. കരയിലെ മനുഷ്യന്‍ സന്തോഷം എവിടെയാണെന്നും ചോദിക്കരുത്. അതെവിടെയും എപ്പോഴുമുണ്ട്.
ഭൂമിക്കടിയില്‍ വിവിധങ്ങളായ സമ്പത്തുകള്‍ ഒളിഞ്ഞുകിടപ്പുണ്ട്. എന്നു കരുതി വെറുതെയിരുന്നാല്‍ അതു കിട്ടില്ല, കുഴിച്ചെടുക്കണം. എവിടെയെങ്കിലും കുഴിച്ചതുകൊണ്ടായില്ല, കുഴിക്കേണ്ടിടത്തു കുഴിക്കണം. ദിവസങ്ങളോളം അതിനുവേണ്ടി ത്യാഗസമര്‍പ്പണം ചെയ്യണം. പുറത്തെടുത്താല്‍തന്നെ ഘട്ടംഘട്ടമായ ശുദ്ധീകരണപ്രക്രിയകള്‍ നടത്തണം. അങ്ങനെ ത്യാഗം ചെയ്ത് ഈ പറഞ്ഞ സമ്പത്തുകള്‍ കിട്ടിയെന്നിരിക്കട്ടെ.. എന്താണ് അവകൊണ്ടു മനുഷ്യന് കിട്ടുന്ന ലാഭം..? അവനു സന്തോഷമായി ജീവിക്കാം; അത്രതന്നെ. അപ്പോള്‍ സന്തോഷമാണ് ലക്ഷ്യം. അതിനുള്ള മാര്‍ഗങ്ങളാണ് മറ്റുള്ളതെല്ലാം.
എന്നാല്‍ ഒരു കാര്യം കേള്‍ക്കണോ..
സര്‍വത്യാഗങ്ങളുടെയും ലക്ഷ്യമായ സന്തോഷം എല്ലായിടത്തുമുണ്ട്. ഭൂമിക്കടിയിലെ രത്‌നങ്ങള്‍ എല്ലാ സ്ഥലത്തുമില്ല. നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേയുള്ളൂ. എന്നാല്‍ സന്തോഷം എവിടെയും പരതാം. പ്രതിസന്ധികള്‍ നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ പോലും കുഴിച്ചുനോക്കിയാല്‍ സന്തോഷം കാണും. പക്ഷെ, പരതിനോക്കണമെന്നു മാത്രം. അതിന്റെ കേന്ദ്രസ്ഥാനം മനസിനകത്താണ്. മനസുണ്ടെങ്കില്‍ എവിടെ വച്ചും ഏതു സമയവും നിങ്ങള്‍ക്കവിടെ കുഴിച്ചാല്‍ സന്തോഷം കിട്ടാതിരിക്കില്ല.
ഭൂമിക്കടിയിലെ വിഭവങ്ങള്‍ പുറത്തെടുക്കാന്‍ ഭൗതികമായ സംവിധാനങ്ങള്‍ ആവശ്യമാണെങ്കില്‍ സന്തോഷമെന്ന ഏറ്റവും വലിയ നിധി കിട്ടാന്‍ വേണ്ടത് തെളിഞ്ഞ കണ്ണുകള്‍.. മലിനമുക്തമായ മനസ്. വ്യതിയാനമേല്‍ക്കാത്ത ചിന്താഗതി. ഇതു മൂന്നുമുണ്ടെങ്കില്‍ പ്രയാസങ്ങളെ പോലും നിങ്ങള്‍ക്കു ആസ്വദിക്കാം, ആഘോഷമാക്കാം. ചെറ്റക്കുടിലില്‍പോലും കൊട്ടാരസുഖം വരുത്താം. പട്ടിണിയില്‍ പോലും നിറവയറിന്റെ അനുഭവം സൃഷ്ടിക്കാം.
സന്തോഷം കടയില്‍ വില്‍ക്കപ്പെടുന്ന ചരക്കല്ല. എവിടെ നിന്നെങ്കിലും വാങ്ങിക്കൊണ്ടുവരേണ്ട സമ്പത്തല്ല. അതൊരു ആത്മനിഷ്ഠമായൊരു അനുഭവമാണ്. ആ അനുഭവത്തെ സൃഷ്ടിക്കുന്നത് സ്വന്തം ചിന്താഗതിയാണ്. അവനവന്റെതന്നെ മനോഭാവവും തീരുമാനവുമാണ്.
ജീവിതം പല ഘട്ടങ്ങളിലൂടെയും കടന്നുപോകും. ലാഭങ്ങളിലൂടെയും നഷ്ടങ്ങളിലൂടെയും പോകും. കയറ്റിറക്കങ്ങളും ജയാപജയങ്ങളും ഊഴമനുസിച്ചു കടന്നുവരും. ഇവയ്‌ക്കെല്ലാം നാം നല്‍കുന്ന വ്യാഖ്യാനമെന്തോ അതാണ് നമുക്കു ലഭിക്കുന്ന സന്തോഷസന്താപങ്ങളുടെ അടിസ്ഥാനം. ബിസിനസ് തകര്‍ന്നതിന് ദൈവത്തിന്റെ ക്രൂരത എന്നു വ്യാഖ്യാനം നല്‍കിയാല്‍ അതൊരു സന്താപം നിറഞ്ഞ അനുഭവമായിരിക്കും. അതേ അനുഭവത്തെ ഒരാള്‍ക്കുവേണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ ലഭിച്ച അവസരം എന്നു വ്യാഖ്യാനിച്ചാല്‍ അതൊരു സന്തോഷകരമായ അനുഭവമായിരിക്കും. ഇതിലേതും അയാള്‍ക്കു സ്വീകരിക്കാം. അയാളുടെ തീരുമാനമാണ് അയാള്‍ക്കു സന്തോഷം നല്‍കുന്നത്. അയാളുടെ തീരുമാനം തന്നെയാണ് അയാള്‍ക്ക് സന്താപവും നല്‍കുന്നത്.
സന്തോഷം മാത്രം നിറഞ്ഞ ജീവിതത്തിന് പ്രയാസങ്ങളിലേക്കു കണ്ണുവയ്ക്കുന്നതിനുപകരം അനുഗ്രഹങ്ങളിലേക്കു മാത്രം നോക്കുക. ദോഷങ്ങള്‍ പറയുന്നതിനു പകരം ഗുണങ്ങള്‍ മാത്രം പറയുക. കുറ്റങ്ങള്‍ കേള്‍ക്കുന്നതിനു പകരം ഗുണങ്ങള്‍ കേള്‍ക്കുക. മനസ് നിയന്ത്രിക്കുന്ന അവസ്ഥയ്ക്കു പകരം മനസിനെ നിയന്ത്രിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ഇല്ലാത്തതിലേക്കു നോക്കുന്നതിനു പകരം ഉള്ളതിലേക്കു നോക്കുക. ഏതനുഭവം ഉണ്ടായാലും അതില്‍നിന്ന് എനിക്കെന്തു പഠിക്കാനുണ്ടെന്നു ചിന്തിക്കുക.
ഓരോരുത്തരുടെയും സന്തോഷത്തിന്റെ താക്കോല്‍ അവനവന്റെ കൈയ്യിലാണ് ദൈവം ഏല്‍പ്പിച്ചത്. അതെപ്പോഴും നിങ്ങള്‍ തന്നെ സൂക്ഷിച്ചാല്‍ ഏതു നേരത്തും നിങ്ങള്‍ക്കതു തുറയ്ക്കാന്‍ പറ്റും. അതാരെങ്കിലും മറ്റൊരാളുടെ കൈയ്യില്‍ ഏല്‍പ്പിച്ചാല്‍ ജീവിതം ദുഃഖപൂര്‍ണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."