കണ്ണൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍
കണ്ണൂര്‍: കണ്ണൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങി. കേരള പര്യടനത്തിനെത്തിയ രാഹുല്‍ ചൊവ്വാഴ്ച രാത്രിയാണു ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്നു റോഡ് മാര്‍ഗം പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. ഇന്നലെ രാവിലെ 8.45ഓടെ താണയിലെ സാധു കല്യാണ മണ്ഡപത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ യു.ഡിഎ.ഫ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം 9.45ഓടെ ഡി.എസ്.സി മൈതാനത്തെ ഹെലിപാഡിലെത്തി വയനാട്ടിലേക്കു തിരിച്ചു.
ഗസ്റ്റ് ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കിലെ വി.വി.ഐ.പി മുറിയിലാണു രാഹുല്‍ തങ്ങിയത്. അതേ ബ്ലോക്കിലെ മുറികളില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരും താമസിക്കാന്‍ ഉണ്ടായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കണ്ണൂരിലെ വസതിയില്‍ തങ്ങി രാവിലെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ മാവേലി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തുകയായിരുന്നു. നേതാക്കള്‍ക്കൊപ്പം ഉപ്പുമാവും ബ്രഡും ഇഡലിയും സാമ്പാറുമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം. ചൊവ്വാഴ്ച രാത്രി നേതാക്കള്‍ രാഹുലിനുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിക്കുകയായിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് സാധു കല്യാണ മണ്ഡപം, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, ഡി.എസ്.സി മൈതാനം എന്നിവിടങ്ങളില്‍ എസ്.പി.ജിയുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. ഇന്നലെ രാവിലെ 8.30 മുതല്‍ 10 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. രാഹുല്‍ എത്തുന്നതറിഞ്ഞ് ഗസ്റ്റ് ഹൗസ് മുതല്‍ താണയിലെ ഓഡിറ്റോറിയം വരെയുള്ള വഴയിയില്‍ മുദ്രാവാക്യം വിളികളുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."