മണല്‍ക്കൊള്ളക്കെതിരേ നടപടി ശക്തമാക്കി
തൃക്കരിപ്പൂര്‍: മാവിലാക്കടപ്പുറം മേഖലയിലെ ശുദ്ധജല സൗഭാഗ്യം കവര്‍ന്നെടുത്ത മണല്‍ കൊള്ളക്കാരെ പിടികൂടാന്‍ പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി മണല്‍ കൊള്ളക്കാരെ പിടികൂടാന്‍ ചന്തേര പ്രിന്‍സിപ്പല്‍ എസ്.ഐ കെ.വി ഉമേശന്റെ നേതൃത്വത്തില്‍ മാവിലാക്കടപ്പുറം പാലം ഭാഗത്ത് പരിശോധന നടത്തിയെങ്കിലും രണ്ടു മൊബൈലുകളാണു പൊലിസിനു ലഭ്യമായത്. പൊലിസ് വരുന്നുണ്ടെന്നറിഞ്ഞു മണല്‍ കടത്തുകാര്‍ തോണിയുമായി പുഴയിലൂടെ രക്ഷപ്പെടുന്നതിനിടക്ക് മൊബൈല്‍ മറന്നു വെച്ചതാകാമെന്നു കരുതുന്നു. പൊലിസിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാറുമുണ്ടായിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് മാവിലാക്കടപ്പുറത്ത് മണലൂറ്റ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ നേതൃത്വത്തില്‍ അഴിമുഖത്തും മാവിലാക്കടപ്പുറം പാലം പരിസരത്തും മണലൂറ്റുന്നതു തടഞ്ഞിരുന്നു. ഇത് ഏറെ ഒച്ചപ്പാടുകള്‍ക്കു വഴിവെക്കുകയും പോര്‍ട്ട് അതോറിറ്റി, ഡപ്യൂട്ടി കലക്ടര്‍, പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും മാനദണ്ഡങ്ങള്‍ പാലിച്ചു മണലെടുക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മണലെടുപ്പുകാര്‍ തയാറാവാതെ വരികയും മണലൂറ്റു തടയാന്‍ പ്രത്യേക കമ്മിറ്റിക്കു രൂപം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കാലക്രമേണ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇല്ലാതാവുകയും ചെയ്തു. അധികാരികളുടെ നിസഹകരണമാണു കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിലങ്ങുതടിയായതെന്ന് ആരോപണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."