HOME
DETAILS
MAL
ബി.ജെ.പി ബന്ധം: ഫേസ്ബുക്ക് സി.ഇ.ഒയ്ക്ക് കോണ്‍ഗ്രസിന്റെ കത്ത്
backup
August 19 2020 | 02:08 AM
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശങ്ങളിലടക്കം ഇന്ത്യയിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഫേസ്ബുക്ക് നടപടിയെടുക്കിന്നില്ലെന്ന വിവാദത്തില്‍ ഔദ്യോഗികമായി ഇടപെട്ട് കോണ്‍ഗ്രസ്. വിഷയത്തില്‍ കമ്പനിയുടെ ഇന്ത്യയിലെ മേധാവികളുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് കത്തയച്ചത്.
വിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും അതിന്റെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരായ പരാതിയില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേണലിലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനു പിന്നാലെ ഫേസ്ബുക്ക് ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും വിഷയം സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
ബി.ജെ.പി നേതാക്കള്‍ക്കെതിരായ പരാതിയില്‍ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ബിസിനസിനെ ബാധിക്കുമെന്നു ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി ചീഫ് അങ്കി ദാസ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നതായും വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഫേസ്ബുക്കില്‍നിന്നു വിശദീകരണം തേടിയിരുന്നു.
പോളിസി ഡയരക്ടര്‍ക്കെതിരേ കേസ്
റായ്പൂര്‍: ബി.ജെ.പി ബന്ധം ആരോപിക്കപ്പെട്ട ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി ഡയരക്ടര്‍ അങ്കി ദാസിനെതിരേ ചത്തിസ്ഗഢ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന മാധ്യമപ്രവര്‍ത്തകന്‍ അവേഷ് തിവാരിയുടെ പരാതിയിലാണ് കബീര്‍നഗര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ, തനിക്കു വധഭീഷണി മുഴക്കിയെന്ന അങ്കി ദാസിന്റെ പരാതിയില്‍ അവേഷ് തിവാരിയടക്കം ചിലര്‍ക്കെതിരേ ഡല്‍ഹി പൊലിസ് കേസെടുത്തിരുന്നു. ഓഗസ്റ്റ് 14 മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു അങ്കി ദാസിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."