സൗന്ദര്യവല്‍ക്കരണത്തിനായി കുളം വറ്റിച്ചു ; നഗരസഭക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: കുടിയ്ക്കാന്‍ തുള്ളി വെള്ളമില്ലാതെ നാട് പൊറുതി മുട്ടുമ്പോള്‍ സൗന്ദര്യവല്‍കരണത്തിനായി നഗരത്തിലെ കുളം വറ്റിച്ച നഗരസഭക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മണ്ണന്തലയിലെ വഴമ്പച്ചിറ കുളമാണ് നഗരസഭ വറ്റിച്ചത്.
എം.സി റോഡില്‍ നിന്നും 400 മീറ്റര്‍ മാറി 150 സെന്റില്‍ സ്ഥിതി ചെയ്യുന്ന വഴമ്പച്ചിറ കുളത്തിലെ വെളളം നാട്ടുകാര്‍ കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണു കുളത്തിലെ ചെളി നീക്കി നാലുവശത്തും മതില്‍ കെട്ടി കുളം സൗന്ദര്യവല്‍കരിക്കാന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കാരാറുകാരന്‍ ചെളി നീക്കാന്‍ ആരംഭിച്ചത്. ഇതിനുവേണ്ടി സമൃദ്ധമായുണ്ടായിരുന്ന വെളളം പൂര്‍ണമായും വറ്റിച്ചു. കുളം വറ്റിച്ച കരാറുകാരനെ പിന്നീട് നാട്ടുകാര്‍ കണ്ടിട്ടില്ല. കുളത്തില്‍ പാഴ്‌ചെടികള്‍ വളരാന്‍ തുടങ്ങി. പ്രാചീനമായ ജലസ്രോതസിന്റെ ഇന്നത്തെ അവസ്ഥ ജനപ്രിതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
കുളം വറ്റിച്ചതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും വറ്റി. വിഷയത്തില്‍ നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറും ജില്ലാ കലക്ടറും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം പരിഹാരമാര്‍ഗങ്ങള്‍ അടക്കം വിശദീകരണം സമര്‍പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശിച്ചു.
കുളത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ നഗരസഭാ സെക്രട്ടറി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. മണ്ണന്തല സ്വദേശിയും അഭിഭാഷകനായ വി.എസ്.ബിമല്‍ സമര്‍പിച്ച പരാതിയെ തുടര്‍ന്നാണു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."