ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ക്യൂവില്‍ നിന്നവര്‍ തമ്മില്‍ സംഘട്ടനം; ഏഴു പേര്‍ക്ക് പരുക്ക്
കളമശേരി: കളമശേരി നഗരസഭ ടൗണ്‍ ഹാളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായി ക്യൂവില്‍ നിന്നവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തി. ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സിഐടിയു ചുമട് തൊഴിലാളി യൂണിയന്‍ തൃക്കാക്കര അമ്പലം യൂണിറ്റിലെ തൊഴിലാളിയായ ജെ.കെ.രമേശന്‍ (40) ഭാര്യ ജയമാലിനി (34) മകന്‍ അഭിജിത്ത് (12) കുസാറ്റിന് സമീപം താമസിക്കുന്ന കൈപ്പട ഗിരീഷ് (40) കണ്ണാല പ്രേമന്‍ (38) എന്നിവരെ കളമശേരിയിലെ സ്വകാര്യശുപത്രിയിലും ടി.ഒ.ജി റോഡ് പളളിപ്പറമ്പില്‍ ബിജു (45) മകന്‍ വിവേക് (17) എന്നിവരെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കുന്നതിനായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ക്യൂവില്‍ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് രമേശനും ബിജുവുമുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സംഭവമറിഞ്ഞ് കൂടുതല്‍ പേര്‍ എത്തിയതോടെ ടൗണ്‍ ഹാളിനു പുറത്തും ഇരുകൂട്ടരും ഏറ്റുമുട്ടി. ടൗണ്‍ ഹാളിനു സമീപം ദേശീയ പാതയില്‍ സോഡാക്കുപ്പികളുമായി കിടന്നിരുന്ന വാഹനത്തില്‍ നിന്ന് സോഡാക്കുപ്പികള്‍ പൊട്ടിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.
സംഘട്ടനത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. കളമശേരി പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."