എട്ടു ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി
കാസര്‍കോട്: ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെ അക്രമം നടത്തിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ജെയിംസ് ജോസഫ്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ബൂത്തിനകത്തോ ബൂത്തിന് പരിസരത്തോ അക്രമം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലയില്‍ എട്ടു പോളിങ്ങ് ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായും അദ്ദേഹം പറഞ്ഞു.
കേരളാ പൊലിസിന് പുറമേ കര്‍ണാടക പൊലിസിനെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും ബൂത്തുകളുടെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യതയുള്ള ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട്ട് മേഖലയിലെ ബൂത്തുകളിലും നേരത്തെ സംഘര്‍ഷം നടന്ന ഉദുമ നിയോജക മണ്ഡലത്തിലെ ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊട്ടിക്കലാശം നടന്നപ്പോള്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയ പടന്ന, ഉദുമ, മടിക്കൈ, കാസര്‍കോട് തുടങ്ങിയ മേഖലകളിലെ ബൂത്തുകളിലേക്ക് കൂടുതല്‍ പൊലിസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബൂത്തുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തുന്ന ബൂത്തു ലെവല്‍ പട്രോളിങ് സംഘത്തിന്റെ പ്രത്യേക ശ്രദ്ധ ഇത്തരം ബൂത്തുകളിലുണ്ടാകും. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടിങ് തത്സമയം വീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലെ സുരക്ഷ കണ്ണൂര്‍ ജില്ലയിലെ പൊലിസിനാണ്. ബൂത്തിന് 200 മീറ്റര്‍ ചുറ്റളവിനുളളില്‍ വോട്ടര്‍മാരുടെ തിരക്കല്ലാതെ മറ്റുള്ളവരെ കടത്തി വിടില്ല. ഈ പരിധിക്കകത്ത് കടന്നുചെന്ന് വോട്ടര്‍മാരോട് സംസാരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ നടപടിയുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന ബൂത്ത് ഏജന്റുമാരേയും പ്രവര്‍ത്തകരെയും അപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."