മായാവതിയെ വേശ്യയെന്ന് ആക്ഷേപിച്ചു; ബി.ജെ.പി നേതാവിനെ പുറത്താക്കി
ലക്‌നൗ: നേതാക്കന്‍മാരുടെ വിലകുറഞ്ഞതും അധാര്‍മികവുമായ പ്രയോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടി ബി.ജെ.പി. ബി.എസ്.പി നേതാവ് മായാവതിയെ വേശ്യയെന്ന് വിളിച്ച ഉത്തര്‍ പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങിനെ പാര്‍ട്ടി പുറത്താക്കി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര്‍പ്രദേശില്‍ നിലവാരം കുറഞ്ഞ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നത്. സിങിന്റെ അഭിപ്രായം പാര്‍ട്ടിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹത്തെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യുന്നതായും ഉത്തര്‍പ്രദേശ് ബിജെ.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ്പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കുന്നു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കും. മൂന്നു കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കും.
മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു' ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസംഗം. ഉത്തര്‍ പ്രദേശില്‍ ബി.എസ്.പിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. ശങ്കര്‍ സിങിനെ അറസ്റ്റു ചെയ്യണമെന്നും ഇല്ലെങ്കില്‍ ജനം തെരുവിലിറങ്ങി അക്രമാസക്തമായാല്‍ അവരെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയില്ലെന്നും മായാവതി പിന്നീട് രാജ്യസഭയില്‍ പറഞ്ഞു.
വിഷയത്തില്‍ മറ്റ് കക്ഷി നേതാക്കളും പാര്‍ലമെന്റില്‍ കടുത്ത ഭാഷയില്‍ ബി.ജെ.പി നേതാവിനെതിരേ പ്രതികരിച്ചു. ഗുജറാത്തിലുള്‍പ്പെടെ ദലിതര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെയാണ് മായാവതിക്കെതിരേ പരാമര്‍ശമുണ്ടായത്.
മായാവതിക്കെതിരേ ബി.ജെ.പി നേതാവ് അവഹേളന പ്രസ്താവന നടത്തിയത് വ്യക്തിപരമായി തനിക്ക് വേദന ഉളവാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ പ്രതികരിച്ചു. താന്‍ വ്യക്തിപരമായി ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം വിഷയം പരിശോധിക്കുമെന്നും പറഞ്ഞു.
സംഭവം ദേശീയ തലത്തില്‍ തന്നെ വിവാദമായതോടെ ശങ്കര്‍സിങ് ഖേദം പ്രകടിപ്പിച്ചു. മായാവതിയെക്കുറിച്ച് താനൊരിക്കലും ആ രീതിയില്‍ ചിന്തിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞ സിങ് അവര്‍ ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."