അന്ത്യമാകുന്നത് കേരള മനഃസാക്ഷിയെ ഞെട്ടിച്ച കേസിന്
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ സ്വന്തം മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയുടെ മരണത്തോടെ കേരള മനഃസാക്ഷിയെ ഞെട്ടിച്ച കേസ് അവസാനിക്കുന്നു. കേസിന്റെ ആദ്യഘട്ട കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ച ശേഷം വിചാരണ ആരംഭിക്കാനിരിക്കെയാണ് ഏക പ്രതിയായ പടന്നക്കരയിലെ സൗമ്യയെ (30) ഇന്നലെ കണ്ണൂര്‍ വനിതാ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 24നു തലശ്ശേരി പൊലിസ് സൗമ്യയെ അറസ്റ്റു ചെയ്തതിനു പിന്നാലെ കേരള സമൂഹം ഏറെ ചര്‍ച്ച ചെയ്ത കേസിനാണു പ്രതിയുടെ മരണത്തോടെ അന്ത്യമാവുന്നത്. സൗമ്യയുടെ പിതാവ് പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മൂത്തമകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. മാതാപിതാക്കള്‍ക്ക് രസത്തിലും മകള്‍ക്കു മീന്‍ വറുത്തതിലും കലര്‍ത്തിയാണു വിഷം നല്‍കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഛര്‍ദിയും വയറിളക്കവും കാരണമുണ്ടായ മൂന്നു അസ്വാഭാവിക മരണങ്ങള്‍ നാട്ടുകാരുടെ ഇടപെടലോടെയാണു കൊലപാതകമെന്നു തെളിഞ്ഞത്. ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ കഴിഞ്ഞ ജനുവരി 21നും കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമാണ് സമാന രോഗലക്ഷണത്താല്‍ മരിച്ചത്. സൗമ്യയുടെ മറ്റൊരു മകള്‍ കീര്‍ത്തന 2012ല്‍ സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു.
വഴിവിട്ട ബന്ധത്തിനു തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്താന്‍ കാരണമെന്നു സൗമ്യ പൊലിസിനു മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിനു ശേഷവും സാധാരണ രീതിയിലാണു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. സംശയം തോന്നിയ പൊലിസ് കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയതോടെ വിഷാംശമായ അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൗമ്യയെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
സൗമ്യ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാവുന്നതിനു മുമ്പാണു പൊലിസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യഘട്ടം കുഞ്ഞിക്കണ്ണനെ കൊലപ്പെടുത്തിയ കേസിലും പിന്നീട് കമലയെയും ഐശ്വര്യയെയും കൊലപ്പെടുത്തിയ കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. ദിവസങ്ങളോളം പൊലിസ് ചോദ്യംചെയ്‌തെങ്കിലും കുറ്റം സമ്മതിക്കാന്‍ സൗമ്യ തയാറായിരുന്നില്ല. കണ്ണൂര്‍ ഡി.വൈ.എസ്പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ചോദ്യം ചെയ്തതോടെയാണു സൗമ്യ നടത്തിയത് കൂട്ടക്കൊലപാതകമാണെന്നു വെളിപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഓരോ ഘട്ടങ്ങളിലും മൂന്നു പേര്‍ക്കും നല്‍കിയെന്നാണു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്. സൗമ്യ തനിച്ചാണു മൂവരുടെയും കൊല നടത്തിയതെന്നും ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാക്കള്‍ക്ക് കൊലയില്‍ പങ്കില്ലെന്നും പൊലിസ് വിശദീകരിച്ചിരുന്നു. തലശ്ശേരിയിലെ ബാങ്കില്‍ ബില്‍ കലക്ടറായിരുന്ന സൗമ്യ കൊല്ലം സ്വദേശിയായ ഭര്‍ത്താവുമായി അകന്നു കഴിയവെയാണു നാടിനെ നടുക്കിയ കൂട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
മരണത്തില്‍ ജയില്‍ അധികൃതരുടെ വീഴ്ച
കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയുടെ മരണം ജയില്‍ അധികൃതരുടെ വീഴ്ചയെ തുടര്‍ന്നെന്ന് ആരോപണം.
വനിതാ ജയിലിനോടു ചേര്‍ന്നുള്ള ശൗചാലയത്തിനടുത്ത കശുമാവിലാണു സാരിയില്‍ തൂങ്ങിയ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ മുമ്പും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ള സൗമ്യ കഴിഞ്ഞിരുന്ന വനിതാ ജയിലില്‍ തടവുകാരെ നിരീക്ഷിക്കാന്‍ നിരീക്ഷണ കാമറ ഉണ്ടായിട്ടും പ്രതി തൂങ്ങിയ നിലയില്‍ കാണപ്പെട്ടതു ഗുരുതര സുരക്ഷാ വീഴ്ചയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മരിച്ച സൗമ്യയുടെ മൃതദേഹം മാധ്യമങ്ങളെ കാണിക്കാനും പൊലിസ് തയാറായില്ല.
സഹതടവുകാരിയുടെ സാരി ഉപയോഗിച്ചാണു സൗമ്യ തൂങ്ങി മരിച്ചതെന്നാണു ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ സാരി എങ്ങനെ ജയില്‍ സെല്ലിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്ന കാര്യത്തിലും ദുരൂഹതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."