പുലിറ്റ്‌സര്‍ ജേതാക്കളായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടര്‍മാരുടെ ജാമ്യഹരജി തള്ളി
നയ്പിതോ: റോഹിംഗ്യന്‍ വംശഹത്യയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറംലോകത്തെത്തിച്ച് പുലിറ്റ്‌സര്‍ സമ്മാനം നേടിയ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടര്‍മാരുടെ ഹരജി മ്യാന്മര്‍ കോടതി തള്ളി. ഔദ്യോഗികരഹസ്യ നിയമമനുസരിച്ച് ഏഴുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മ്യാന്മര്‍ പൗരന്മാരായ വാ ലോണ്‍, ക്യാവ് സോ ഊ എന്നിവരുടെ ജാമ്യഹരജിയാണ് മ്യാന്മര്‍ സുപ്രിംകോടതി തള്ളിയത്. അതേസമയം, ജഡ്ജി ഇതേക്കുറിച്ച് പ്രതികരിക്കാനോ കാരണം വിശദീകരിക്കാനോ തയാറായില്ല.
കുട്ടികളുള്‍പ്പെടെയുള്ള പത്ത് റോഹിംഗ്യന്‍ മുസ്‌ലിംകളെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിലൂടെ കണ്ടെത്തിയ ഇരുവരെയും 2017 ഡിസംബറില്‍ അറസ്റ്റ് ചെയ്ത ഭരണകൂടം കോടതിയില്‍ കുറ്റപത്രം കേള്‍ക്കാന്‍ ഹാജരാക്കിയില്ല. എന്നാല്‍, ഭാര്യമാര്‍ ഏറെ പ്രതീക്ഷയോടെ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതുമെല്ലാം ഈ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ജനുവരിയില്‍ ഹൈക്കോടതി ഇവരുടെ ഹരജി തള്ളിയിരുന്നു.
വിധി നിരാശപ്പെടുത്തുന്നതാണെന്ന് മ്യാന്മറിലെ യു.എന്‍ പ്രതിനിധി നട്ട് ഓസ്റ്റ് ബെ പറഞ്ഞു. ജേണലിസ്റ്റുകളെ തടവിലാക്കിയതിന് നൊബേല്‍ സമ്മാനജേതാവായ മ്യാന്മര്‍ പരമോന്നത നേതാവ് ആങ്‌സാങ് സൂചിക്കെതിരേ ആഗോളവ്യാപകമായി കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് റോയിറ്റേഴ്‌സ് ചീഫ് കോണ്‍സല്‍ ഗെയില്‍ ഗോവ് പറഞ്ഞു. പൊലിസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും അവരെ പുറത്തെത്തിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."