അനധികൃത ഖനനം: അഴഗിരിയുടെ മകന്റെ 40 കോടിയുടെ സ്വത്തുക്കള്‍ ഡയരക്ടറേറ്റ് കണ്ടുകെട്ടി
ചെന്നൈ: ഡിഎംകെ മുന്‍ നേതാവ്എംകെ അഴഗിരിയുടെ മകന്റെ 40 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിലാണ് അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്. ദയാനിധി ഡയരക്ടറായ ഒളിംപസ് ഗ്രാനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരായ കേസിലാണ് നടപടി. കള്ളപ്പണം തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) സ്ഥാപനത്തിനെതിരേ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്ത് കണ്ടുകെട്ടുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
ചെന്നൈയിലും മധുരൈയിലുമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും കമ്പനിയുടെ സ്ഥിര നിക്ഷേപവുമടക്കം 25 സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. അനധികൃത കരിങ്കല്‍ ഖനനവുമായിബന്ധപ്പെട്ട് 2017ല്‍ കമ്പനിക്കും ഡയരക്ടര്‍മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കുമെതിരേ തമിഴ്‌നാട് പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട് മിനറല്‍സിന്റെ ഭൂമിയില്‍ അനധികൃത ഖനനം നടത്തിയതിലും അതിന്റെ ഗൂഡാലോചനയിലും കമ്പനി ഓഹരി ഉടമകളായ എസ് നാഗരാജന്‍, ദയാനിധി അഴഗിരി എന്നിവര്‍ പങ്കാളികളാണെന്ന് കേസിലെ കുറ്റപത്രത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് 257 കോടിയുടെ നഷ്ടമാണ് അനധികൃത ഖനനം കാരണമുണ്ടായതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."