പ്രകൃതിക്ഷോഭം നാശം വിതച്ച മേഖല എം.എല്‍.എ സന്ദര്‍ശിച്ചു
ചെറുതോണി : കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും നാശം സംഭവിച്ച തടിയമ്പാട് വിമലഗിരി 4609-ാം നമ്പര്‍ എസ്.എന്‍.ഡി.പി. യോഗം ഓഫിസ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഓഫിസിനോട് ചേര്‍ന്നുള്ള ഹാളിന്റെ മേല്‍ക്കൂര പൂര്‍ണമായും കാറ്റത്ത് നാശം സംഭവിച്ചിട്ടുണ്ട്.
നാശനഷ്ടം വിലയിരുത്തി സഹായം ലഭ്യമാക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി. യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ജോസ് കുഴികണ്ടം തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പം ഉണ്ടായിരുന്നു.
മുട്ടത്ത് കനത്ത നാശം
മുട്ടം : ഇന്നലെ വൈകിട്ടുണ്ടായ മഴയിലും കാറ്റിലും മുട്ടം പ്രദേശത്ത് വ്യാപകമായ നാശനഷ്ടം. മുട്ടം പോളിടെക്‌നിക്ക് കോളജിന്റെ ഹോസ്റ്റലിന് സമീപത്ത് നിന്നിരുന്ന നാല് മരങ്ങള്‍ കടപുഴകി ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വീണ് ഹോസ്റ്റലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് അകത്തേക്ക് ചിതറി.
വേനല്‍ അവധിയായിരുന്നതിനാല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ആരും ഇല്ലായിരുന്നു. ഹോസ്റ്റല്‍ റോഡില്‍ നിന്നിരുന്ന മറ്റ് രണ്ട് മരങ്ങളും കടപുഴകി ഗതാഗത തടസം സൃഷ്ടിച്ചു. തൊടുപുഴ - മുട്ടം - മൂലമറ്റം റോഡിലേക്ക് മരങ്ങള്‍ കടപുഴകിയും വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ ഓടിഞ്ഞു വീണും ഗതാഗത തടസം നേരിട്ടു. പ്രദേശവാസികള്‍ റോഡില്‍ വീണ വൃക്ഷ ശിഖരങ്ങള്‍ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചള്ളാവയല്‍, ഇടപ്പള്ളി,കൊല്ലന്‍കുന്ന്, തുടങ്ങനാട് ഭാഗങ്ങളിലും സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ നിന്നിരുന്ന വൃക്ഷങ്ങള്‍ കടപുഴകി വീണും റബര്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞും നാശ നഷ്ടമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."