ചിന്നക്കനാലില്‍ തൊഴിലാളികളുടെ കുടില്‍കെട്ടി സമരം ഏഴുദിവസം പിന്നിട്ടു
രാജാക്കാട്: ചിന്നക്കനാല്‍ ഭൂസമരം ശക്തമാകുന്നു. തൊഴിലാളികള്‍ പണിമുടക്കി സമരം ആരംഭിച്ചു. പ്രശ്‌നത്തില്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ മറ്റ് സമരമുറകള്‍ ആരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. വേണ്ടിവന്നാല്‍ നിരാഹാരം കിടക്കുമെന്നും സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു.
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഏഴാം ദിവസം പിന്നിടുമ്പോള്‍ കൂടുതല്‍ തൊഴിലാളികളെ പങ്കെടുപ്പിച്ച് കുടില്‍കെട്ടി സമരത്തിനൊപ്പം തെരുവ് സമരത്തിനും രൂപം നല്‍കുവാന്‍ ഒരുങ്ങുകയാണിവര്‍. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച സമരത്തിന്റെ ആദ്യഘട്ടത്തില്‍ കുടിലുകള്‍ പൊളിച്ച് നീക്കുന്നതിന് റവന്യൂ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഇതിന് ശേഷം റവന്യൂ അധികൃതര്‍ ഇവിടേയ്ക്ക് എത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ അധികൃതര്‍ തൊഴിലാളി സമരത്തോട് അവഗണന കാണിക്കുകയാണെന്നും തങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമിയെങ്കിലും ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് തെരുവ് സമരത്തിന് നേതൃത്വം നല്‍കുമെന്നും തൊഴിലാളി നേതാക്കള്‍ പറഞ്ഞു.
ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ മുമ്പ് മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ പൊമ്പിളെ ഒരുമൈ സമരത്തിന് സമാനമായി സൂര്യനെല്ലി ചിന്നക്കനാല്‍ മേഖലകളില്‍ റോഡ് ഉപരോധമടക്കമുള്ള അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കുവാനാണ് തൊഴിലാളികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."