കാട്ടാനക്കൂട്ടം കൃഷിയിടം നശിപ്പിച്ചു; നാട്ടുകാര്‍ കുമളി-മൂന്നാര്‍ പാത ഉപരോധിച്ചു
ഇടുക്കി: ഉടുമ്പന്‍ചോല ശാന്തരുവിയില്‍ കാട്ടാനക്കൂട്ടമിറങ്ങി രണ്ടു ദിവസംകൊണ്ട് ഏക്കറു കണക്കിനു കൃഷിയിടം നശിപ്പിച്ചു. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കുമളി-മൂന്നാര്‍ സംസ്ഥാന പാത മൂന്ന് മണിക്കുറോളം ഉപരോധിച്ചു.
സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ മേഖലയില്‍ വിന്യസിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം കൂടിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചയെത്തിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിലിറങ്ങി കൃഷിയിടങ്ങളിലെ ഏലച്ചെടികള്‍ പിഴുതെറിയുകയും, കാപ്പി, ചേന, ചേമ്പ്, വാഴ, കപ്പ എന്നീ കൃഷികള്‍ പാടെ നഷിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. മേഖലയിലെ കര്‍ഷകര്‍ക്കു ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് മൂന്ന് ദിവസത്തിനിടെ ഉണ്ടായത്. കല്ലുപാലം, നമരി എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു. മൂന്നു മാസത്തിനിടെ പത്തിലധികം തവണയാണ് കാട്ടാനക്കൂട്ടം ഉടുമ്പന്‍ചോല മേഖലയിലെത്തിയത്. ഏലച്ചെടികള്‍ നശിപ്പിച്ചതോടെ ഏലം കര്‍ഷകര്‍ക്ക് ലക്ഷകണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായത്. കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തും പലിശയ്ക്ക് വാങ്ങിയും ആരംഭിച്ച കൃഷിയാണ് ഒറ്റരാത്രികൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പ്രദേശത്തു ആയിരക്കണക്കിനു കുടുംബങ്ങളാണ് താമസിക്കുന്നത്.
രാത്രിയെത്തുന്ന കാട്ടാനക്കൂട്ടം പുലര്‍ച്ചെയാണ് തിരികെ മടങ്ങുക. കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനു വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വീടുകള്‍ക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയതോടെ പ്രദേശവാസികളും ഭീതിയിലാണ്. നാലു മാസം മുന്‍പ് ഉടുമ്പന്‍ചോല മാന്‍കുത്തിമേട്ടില്‍ കാട്ടാനക്കൂട്ടമെത്തി നാലേക്കര്‍ സ്ഥലത്തെ കപ്പക്കൃഷി നശിപ്പിച്ചിരുന്നു. വിളകള്‍ക്കു നഷ്ടപരിഹാരം പോലും ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ തീരാദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."