സെമി അതിവേഗ റെയില്‍ ഇടനാഴി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സ്ഥാപിക്കാന്‍ നിശ്ചയിക്കുന്ന സെമി അതിവേഗ റെയില്‍ ഇടനാഴിക്കു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
മുളകുളം റസിഡന്റ്‌സ് അസോസിയേഷന്‍, പി.ജെ തോമസ്, എം.വി സോമന്‍, എം.ടി തോമസ് എന്നിവര്‍ അഭിഭാഷകരായ കെ. മോഹനകണ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
റെയില്‍വേ ബോര്‍ഡ് സാധ്യതാപഠനം നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്കു കടക്കുന്നത്. പരിസ്ഥിതി വികസന കേന്ദ്രത്തോട് സാധ്യതാപഠനം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.
ജനസാന്ദ്രത കൂടുതലുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നത് അസാധ്യമാണെന്നും അതു തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ ബോര്‍ഡില്‍ ഇ.ഐ.എയും എസ്.ഐ.എയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നിയമപരവും നിര്‍ബന്ധിതവുമായ കാര്യങ്ങള്‍ പാലിക്കാതെയാണെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."