മേലാറ്റൂര്‍ പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ തൊണ്ടിവാഹനങ്ങളുടെ കൂമ്പാരം
മേലാറ്റൂര്‍: പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട തൊണ്ടിവാഹനങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. വിവിധ കേസുകളിലായി പൊലിസ് പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങളാണ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വാഹനങ്ങളും അനധികൃതമായി മണല്‍ കടത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്തവയാണ്. ടിപ്പര്‍, ജീപ്പ്, കാര്‍, ഓട്ടോറിക്ഷ, ബൈക്കുകള്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. പലതും മഴയും വെയിലുംകൊണ്ട് തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്.
പൊലിസ് സ്റ്റേഷന് പുതിയ ബില്‍ഡിങ്ങിന്റെ പണി ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായിട്ടാണ് ദിവസങ്ങള്‍ക്ക് മുന്‍പ് തൊണ്ടിവാഹനങ്ങളെല്ലാം സ്റ്റേഷന്‍ വളപ്പില്‍ പ്രധാനപാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. ലേലനടപടികള്‍ വൈകുന്നതാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണം. പിടിച്ചിട്ട നൂറിലധികം വാഹനങ്ങളുടെ കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. റവന്യുവകുപ്പിന്റെ നിയമ നൂലാമാലകളാണ് ലേല നടപടികള്‍ വൈകാന്‍ കാരണം. ഇവ പരിസരത്ത് കൂടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ടൗണിലെ ഓട്ടോ ടാക്‌സി ജീവനക്കാര്‍ക്കും അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും മറിഞ്ഞ് വീഴാം എന്നരൂപത്തിലാണ് ഇപ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.
ഇതിനുപുറമെ തെരുവ് നായകളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമാണിവിടം. മഴക്കാലമായാല്‍ കൊതുക് ശല്യവും രൂക്ഷമാവാറുണ്ട്. ഈ വാഹനങ്ങള്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കി ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇപ്പോള്‍ കാഴ്ചക്കാര്‍ക്ക് പൊലിസ് സ്റ്റേഷന്‍ വളപ്പ് വാഹനങ്ങളുടെ ഒരു ശവപ്പറമ്പായിട്ടാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."