കള്ളവോട്ട്: പാര്‍ട്ടി പ്രതിരോധത്തിലായപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ വാളെടുത്ത് സി.പി.എം
തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ പ്രതിരോധത്തിലായപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരേ തിരിഞ്ഞ് സി.പി.എം. ടിക്കാറാം മീണ മാധ്യമ വിചാരണക്ക് വിധേയനായെന്നും അദ്ദേഹത്തെ നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭ മണ്ഡലങ്ങളില്‍ ഉയര്‍ന്ന കള്ളവോട്ട് ആരോപണം യു.ഡി.എഫിന്റെ പ്രചാരണ തന്ത്രം മാത്രമാണെന്നും യു.ഡി.എഫിന്റെയും ചില മാധ്യമങ്ങളുടെയും വിചാരണകള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ട ആളല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെന്നും കോടിയേരി പറഞ്ഞു.
പിലാത്തറയില്‍ ആരോപണ വിധേയരായവരോട് നിയമപരമായി കമ്മിഷനോ ഉദ്യോഗസ്ഥരോ വിശദീകരണം തേടിയിട്ടില്ല. ഇതുവഴി ഇവര്‍ക്ക് സ്വാഭാവിക നീതിപോലും നിഷേധിച്ചു. കാസര്‍കോട്ടെ ചില ബൂത്തുകളെക്കുറിച്ച് സി.പി.എമ്മും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതദ്ദേഹം പരിഗണിച്ചില്ല.
സി.പി.എം പഞ്ചായത്ത് അംഗമായ സലീനയെ അയോഗ്യയാക്കാനുള്ള നടപടി സ്വീകരിക്കുന്നതായി അറിയുന്നു.
എന്നാല്‍ അതിനുള്ള അധികാരം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കുണ്ടോ എന്നും കോടിയേരി ചോദിച്ചു.
ആരോപണം തെളിയിക്കാനായില്ലെങ്കില്‍ അയോഗ്യയാക്കിയവരുടെ അംഗത്വം തിരികെ നല്‍കുവാനും മാനഹാനി ഇല്ലാതാക്കാനും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് സാധിക്കുമോ എന്നും കോടിയേരി ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ചാനല്‍ സംഘത്തിന്റെ തന്ത്രത്തിന്റെ ഭാഗമായി സ്വാധീനിക്കപ്പെടരുത്. ആരോപണങ്ങളെ പരിശോധിച്ച് നടപടി സ്വീകരിക്കണം. നിയമപരമായ ഒരു പരിശോധനക്കും പാര്‍ട്ടി എതിരല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഓപ്പണ്‍ വോട്ട് എന്ന പേരില്‍ വോട്ടുചെയ്യാന്‍ സംവിധാനമില്ലെന്നും ചട്ടത്തില്‍ കംപാനിയന്‍ വോട്ടുമാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയ കമ്മിഷന്റെ നടപടിയെയും കോടിയേരി ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."