മഴ പെയ്താല്‍ മുടപ്പല്ലൂരുകാര്‍ക്ക് ദുരിതം
മുടപ്പല്ലൂര്‍: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിലെ മുടപ്പല്ലൂര്‍ ടൗണില്‍ മഴ പെയ്താല്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ദുരിതമാണ്. ശക്തമായൊരു മഴ പെയ്താല്‍ മണിക്കൂറുകളോളം ഇവിടെ മുട്ടോളം വെള്ളമുണ്ടാകും. അഴുക്ക് ചാലിലെ മാലിന്യംകൂടി കലര്‍ന്ന് ഈ വെള്ളം സമീപത്തുള്ള കടകളിലേക്കും വീടുകളിലേക്കും കയറുക പതിവാണ്. അശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മാണമാണ് ഇതിന് പ്രധാനകാരണം. അഴക്കുചാല്‍ മുഴുവന്‍ പ്ലാസ്റ്റിക്കും മറ്റ് പാഴ് വസ്തുക്കളുംകൊണ്ട് നിറഞ്ഞ് കിടക്കുകയാണ്. ചക്കാന്തറ മുതല്‍ ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റ് വരെയും മംഗലംഡാം റോഡില്‍ പെട്രോള്‍ പമ്പ് വരെയുമായി ഏകദേശം 200ല്‍ പരം വ്യാപാര സ്ഥാപനങ്ങളും ഏതാനും വീടുകളുമുണ്ട്. സ്വാഭാവികമായും ഇവിടങ്ങളിലുണ്ടാകുന്ന മാലിന്യം നിക്ഷേപിക്കാനോ സംസ്‌കരിക്കാനോ യാതൊരുവിധ സംവിധാനവും നിലവിലില്ല. വണ്ടാഴി പഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്നത് മുടപ്പല്ലൂര്‍ ടൗണിന്റെ അടുത്താണ്. മാലിന്യ സംസ്‌കരണത്തിന് സ്ഥായിയായ ഒരു മാര്‍ഗം പഞ്ചായത്ത് ഒരുക്കി തരണമെന്നുള്ള മുടപ്പല്ലൂരിലെ വ്യാപാരികളുടെ എക്കാലത്തേയും ആവശ്യം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അഴുക്കുചാല്‍ സമയാസമയങ്ങളില്‍ വൃത്തിയാക്കി മാലിന്യശേഖരണത്തിന് മറ്റ് പഞ്ചായത്തുകള്‍ ചെയ്യുന്നത് പോലെ ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കുക കൂടി ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ.
കഴിഞ്ഞ ദിവസമുണ്ടായ വേനല്‍മഴയില്‍ ടൗണില്‍ താമസിക്കുന്ന മൈമൂന്‍ ഉന്മയുടെ അവസ്ഥ സുപ്രഭതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രാവശ്യം കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പായെങ്കിലും വണ്ടാഴി പഞ്ചായത്തിലെ ഏറ്റവും തിരക്കുള്ള മുടപ്പല്ലൂര്‍ ടൗണിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."