കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികളോട് വീണ്ടും ദ്രോഹനടപടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനായി ഏപ്രില്‍ ഒന്നിനു നടത്തിയ ബി.എസ്‌സി മാത്‌സിന്റെ ഇലക്ടീവ് വിഷയമായ ഗ്രാഫ് തിയറി പരീക്ഷ വീണ്ടും എഴുതണമെന്ന സര്‍വകലാശാലയുടെ ഉത്തരവിനെതിരേ വിദ്യാര്‍ഥികള്‍. വിഷയത്തില്‍ പരാതികയുമായി നൂറോളം വിദ്യാര്‍ഥികള്‍ ഇന്നലെ സര്‍വകലാശാലയിലെത്തി. സിലബസില്‍ ഉള്‍പ്പെട്ട ചോദ്യമായിരുന്നിട്ടും പരീക്ഷ റദ്ദ് ചെയ്ത് പുനഃപരീക്ഷ എഴുതാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലാ അധികൃതര്‍ക്കു നിരവധി വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനവും നല്‍കി. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയാറായില്ല. വൈസ് ചാന്‍സലര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയരക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ക്കാണു നിവേദനം നല്‍കിയത്.
മെയ് ഒന്‍പതിന് പുനഃപരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ഥികള്‍ക്കു ലഭിച്ച വിവരം. അന്‍പത് മാര്‍ക്കില്‍ മീതെ സിലബസില്‍ നിന്ന് പുറത്തുള്ള ചോദ്യങ്ങള്‍ എന്ന കാരണമാണ് പുനഃപരീക്ഷക്കായി സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.
നേരത്തെ, റഗുലര്‍ ബിരുദ പരീക്ഷയില്‍ സിലബസിനു പുറത്തുള്ള ചോദ്യങ്ങള്‍ വന്നത് കാരണം പുനഃപരീക്ഷ നടത്താന്‍ തീരുമാനിക്കുകയും വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനൊടുവില്‍ തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. സിലബസ് പ്രകാരമുള്ള ചോദ്യാവലിയാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."